ഇന്ത്യ- പാക് വെടിനിർത്തൽ ധാരണ ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോർട്ടുകൾ
പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാർത്ത ഏജൻസികളാണ് റിപ്പോർട്ട് പുറത്തു വിട്ടത്
ന്യൂഡൽഹി: ഇന്ത്യ- പാക് വെടിനിർത്തൽ ധാരണ ഞായറാഴ്ച വരെ നീട്ടിയെന്ന് റിപ്പോർട്ടുകൾ. പാക് വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് വാർത്ത ഏജൻസികളാണ് റിപ്പോർട്ട് പുറത്തു വിട്ടത്.
പാകിസ്താൻ ഡിജിഎംഒ മേജർ ജനറൽ കാഷിഫ് അബ്ദുല്ലയും ഇന്ത്യൻ ഡിജിഎംഒ ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായിയും ഹോട്ട്‌ലൈൻ വഴി ചർച്ച നടത്തിയതായും ഞായറാഴ്ച വരെ വെടിനിർത്തൽ കരാർ നീട്ടിയതായുമാണ് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.എന്നാൽ ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പഹൽഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിന് ശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെ പാകിസ്താൻ അനുനയ നീക്കങ്ങൾക്ക് ശ്രമിക്കുകയും ഇന്ത്യയുമായുള്ള ചർച്ചകൾക്കൊടുവിൽ ഈ മാസം 10ന് വെടിനിർത്തലിന് ധാരണയാവുകയായിരുന്നു. വെടിനിർത്തൽ ധാരണ തുടർന്നുകൊണ്ട് പ്രകോപനങ്ങളിലേക്ക് നയിക്കുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിഞ്ഞ് പരസ്പര വിശ്വാസം വളർത്തുന്ന നടപടികൾ തുടരാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, പാക് പ്രകോപനത്തിൽ ആഗോള പിന്തുണ ഉറപ്പിക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം വിവിധ രാജ്യങ്ങൾ സന്ദർശിക്കും. ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്ഥാന്റെ സമീപനത്തെ ലോകരാജ്യങ്ങൾക്കു മുന്നിൽ തുറന്നു കാട്ടാനാണ് പ്രതിനിധി സംഘം ഒരുങ്ങുന്നത്.
ആറ് എംപിമാരും വിദേശകാര്യ വകുപ്പ് പ്രതിനിധികളുമാണ് സംഘത്തിലുണ്ടാകുക..ഒരു സംഘത്തെ ശശി തരൂർ എം.പി നയിക്കും.ഓപ്പറേഷൻ സിന്ധൂരിൽ കണ്ടത് ട്രയൽ മാത്രമെന്നും ഭീകരവാദത്തിനെതിരെ പോരാടുക എന്നത് ഇന്ത്യയുടെ ദൃഢപ്രതിജ്ഞയാണെന്നും ഭുജ് വ്യോമതാവളത്തിലെത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.