നാല് ആഡംബര കാറുകൾ, സ്വര്‍ണം വെള്ളി ആഭരണങ്ങൾ, നോട്ടുകെട്ടുകൾ, 17 ടൺ തേൻ; റിട്ട. പിഡബ്ള്യൂഡി എഞ്ചിനിയറുടെ വീട്ടിൽ നിന്നും കണ്ടെടുത്ത വസ്തുക്കൾ കണ്ട് ഞെട്ടി ലോകായുക്ത

ജിപി മെഹ്‌റയുമായി ബന്ധമുള്ള ഒന്നിലധികം സ്ഥലങ്ങളിൽ ഒരേസമയം തിരച്ചിൽ നടത്തിയിരുന്നു

Update: 2025-10-10 05:49 GMT
Editor : Jaisy Thomas | By : Web Desk

ജി.പി മെഹ്റ Photo| NDTV

ഭോപ്പാൽ: മധ്യപ്രദേശ് ലോകായുക്ത പൊലീസ് വ്യാഴാഴ്ച ഭോപ്പാലിലും നര്‍മ്മദാപുരം ജില്ലയിലും നടത്തിയ റെയ്ഡിൽ കണ്ടെടുത്തത് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കണക്കിൽ പെടാത്ത സ്വത്തുക്കളാണ്. വിരമിച്ച ജി.പി മെഹ്റ എന്ന പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) എഞ്ചിനീയറുടെ വീട്ടിൽ നിന്നാണ് സ്വര്‍ണവും വെള്ളിയുമടക്കം പിടിച്ചെടുത്തത്.

മെഹ്റ സര്‍വീസിലായിരിക്കുമ്പോൾ അഴിമതിയിലൂടെ വൻതോതിൽ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത ഡയറക്ടർ ജനറൽ യോഗേഷ് ദേശ്മുഖയുടെ മേൽനോട്ടത്തിൽ റെയ്ഡുകൾ നടത്തിയതെന്ന് ഭോപ്പാൽ ലോകായുക്ത എസ്പി ഡി റാത്തോഡിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.പരിശോധിച്ചുറപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അഴിമതി നിരോധന നിയമപ്രകാരം മെഹ്‌റയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി റാത്തോഡ് പറഞ്ഞു. ജിപി മെഹ്‌റയുമായി ബന്ധമുള്ള ഒന്നിലധികം സ്ഥലങ്ങളിൽ ഒരേസമയം തിരച്ചിൽ നടത്തിയിരുന്നു.

Advertising
Advertising

മെഹ്റയുടെ മണിപ്പുരം കോളനിയിലെ വസതിയിൽ നിന്നും 8.79 ലക്ഷം രൂപ, 50 ലക്ഷം വിലമതിക്കുന്ന സ്വര്‍ണ, വെള്ളി ആഭരണങ്ങൾ, 56 ലക്ഷം മൂല്യമുള്ള സ്ഥിര നിക്ഷേപങ്ങൾ, 60 ലക്ഷം വിലമതിക്കുന്ന മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ, നിരവധി സ്വത്ത് രേഖകൾ എന്നിവയാണ് കണ്ടെടുത്തത്. രണ്ടാമത്തെ വസതിയായ ഒപാൽ റീജൻസി സമുച്ചയത്തിലെ ആഡംബര അപ്പാർട്ട്മെന്‍റിൽ നിന്നും 26 ലക്ഷം, 3.05 കോടി വിലമതിക്കുന്ന 2.649 കിലോഗ്രാം സ്വർണം, 5.93 ലക്ഷം വിലമതിക്കുന്ന 5.523 കിലോഗ്രാം വെള്ളി, സ്വത്തുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയും പിടിച്ചെടുത്തു.

ഭോപ്പാൽ ഗോവിന്ദ്പുര ഇൻഡസ്ട്രിയൽ ഏരിയയിലുള്ള കെ.ടി ഇൻഡസ്ട്രീസ് ഫാക്ടറിയിൽ നിന്നും ഫാക്ടറി ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ, ഉടമസ്ഥാവകാശ രേഖകൾ എന്നിവ കണ്ടെടുത്തു. മെഹ്‌റയുടെ മകൻ രോഹിതിന്‍റെയും കൈലാഷ് നായിക് എന്നയാളുടെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ് പിവിസി പൈപ്പ് നിർമാണ യൂണിറ്റ് എന്നാണ് റിപ്പോർട്ട്. സൈനി ഗ്രാമത്തിലുള്ള മെഹ്റയുടെ ഫാം ഹൗസിൽ നിന്നും 17 ടൺ തേൻ, ആറ് ട്രാക്ടറുകളും കാർഷിക യന്ത്രങ്ങളും പിടിച്ചെടുത്തു. നിർമാണത്തിലിരിക്കുന്ന 32 കോട്ടേജുകളും പൂർത്തിയായ ഏഴ് കോട്ടേജുകളും ഇയാൾക്കുണ്ട്. രണ്ട് മത്സ്യ ഫാമുകൾ, രണ്ട് പശുത്തൊഴുത്തുകൾ, രണ്ട് വലിയ കുളങ്ങൾ, ഒരു ക്ഷേത്രം എന്നിവയും മെഹ്റയുടെ ഉടമസ്ഥതയിലുണ്ട്.

ഫോർഡ് എൻഡവർ, സ്കോഡ സ്ലാവിയ, കിയ സോണറ്റ്, മാരുതി സിയാസ് എന്നിവയുൾപ്പെടെയുള്ള ആഡംബര വാഹനങ്ങളെല്ലാം മെഹ്‌റയുടെ കുടുംബാംഗങ്ങളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പിടിച്ചെടുത്ത രേഖകളും ഡിജിറ്റൽ രേഖകളും പരിശോധിക്കുന്നതിനായി ഫോറൻസിക് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News