'ദാവൂദ് ഇബ്രാഹീമിന്റെ സഹായി, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ'; ആരാണ് റിയാസ് ഭാട്ടി?

കവർച്ച, പിടിച്ചുപറി, ഭൂമി കയ്യേറ്റം, വഞ്ചന, വെടിവെപ്പ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ആളാണ് റിയാസ് ഭാട്ടി. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യം വിടാൻ ശ്രമിച്ചതിന് 2015ലും 2020ലും ഭാട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Update: 2021-11-10 11:38 GMT
Advertising

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ ഗുരുതര ആരോപണമാണ് എൻ.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് ഇന്ന് ഉന്നയിച്ചത്. അധോലോക നായകനായ ദാവൂദ് ഇബ്രാഹീമിന്റെ സഹായിയായ റിയാസ് ഭാട്ടിയുമായി ഫഡ്‌നാവിന് ബന്ധമുണ്ടെന്നാണ് നവാബ് മാലിക്കിന്റെ ആരോപണം.

'ആരാണ് റിയാസ് ഭാട്ടി? വ്യാജപാസ്‌പോർട്ടുമായി പിടിയിലായ വ്യക്തിയാണയാൾ, ദാവൂബ് ഇബ്രാഹിന്റെ അടുപ്പക്കാരനുമാണ്. അറസ്റ്റിലായി രണ്ട് ദിവസത്തിനകം അയാളെ വിട്ടയച്ചു. ബി.ജെ.പി പരിപാടിയിൽ അദ്ദേഹം താങ്കളോടൊപ്പം പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്'-വാർത്താസമ്മേളനത്തിൽ നവാബ് മാലിക് പറഞ്ഞു.

കവർച്ച, പിടിച്ചുപറി, ഭൂമി കയ്യേറ്റം, വഞ്ചന, വെടിവെപ്പ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ആളാണ് റിയാസ് ഭാട്ടി. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യം വിടാൻ ശ്രമിച്ചതിന് 2015ലും 2020ലും ഭാട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൊലീസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസെയുമായി ചേർന്ന് ബാർ ഉടമകളെ ഭീഷണിപ്പെടുത്തി പണം പിരിച്ചകേസിലും റിയാസ് ഭാട്ടി പ്രതിയാണ്. മുൻ മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിങ്, സച്ചിൻ വാസെ എന്നിവരായിരുന്നു മറ്റു പ്രതികൾ. ഈ കേസിൽ മുൻകൂർ ജാമ്യത്തിനായി അദ്ദേഹം കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസത്തോളമായി ഭാട്ടി ഒളിവിലാണ്.

ജാമ്യവ്യവസ്ഥകൾ ലംഘിച്ച് സൗദിയിലേക്ക് കടക്കാനുള്ള ശ്രമങ്ങൾക്കിടെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അദ്ദേഹത്തെ മുംബൈ എയർപോർട്ടിൽ വെച്ച് യു.പി പൊലീസ് തടഞ്ഞിരുന്നു. 2015ൽ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കാനും ഭാട്ടി ശ്രമം നടത്തിയിരുന്നു. 2013ൽ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിനും ഭാട്ടി അറസ്റ്റിലായിരുന്നു.

മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അംഗമാവുന്നതിന് വേണ്ടി വിൽസൺ കോളേജ് ട്രസ്റ്റിമാരുടെ ഒപ്പും രേഖകളും മോഷ്ടിച്ചതിന് 2019ൽ ഭാട്ടിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദാവൂദ് ഇബ്രാഹീമുമായുള്ള ബന്ധം ഉപയോഗിച്ച് ഭൂമി കയ്യേറ്റത്തിന് ശ്രമിച്ചതിനും ഭാട്ടിയുടെ പേരിൽ കേസുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News