വിനോദസ‍ഞ്ചാരികൾ ഏറെ, സുരക്ഷയ്ക്ക് ആരുമില്ല: ഭീകരർ ആക്രമണത്തിന് പഹൽഗാമിലെ ബൈസരൻ താഴ്‌വര തിരഞ്ഞെടുത്തത് എന്തുകൊണ്ട്?

പുൽമേട് എല്ലാ വശങ്ങളിലും ആഴത്തിലുള്ള മലയിടുക്കുകളാൽ ചുറ്റപ്പെട്ടതിനാൽ ട്രെക്കിങ് റൂട്ട് ഒഴികെയുള്ള മറ്റ് വഴികളിലൂടെ എത്തിച്ചേരൽ ബുദ്ധിമുട്ടാണ്.

Update: 2025-04-23 14:58 GMT

ന്യൂഡൽഹി: ഭീകരാക്രമണത്തിന് ജമ്മു കശ്മീരിലെ പഹൽ​ഗാമിലെ ബൈസരൻ തന്നെ അക്രമികൾ‍ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്ന ചോദ്യം ഇതിനോടകം ഉയർന്നുകഴിഞ്ഞു. ആ സ്ഥലത്തിന്റെ ഭൂപ്രകൃതി തന്നെയാണ് ഇതിനുള്ള ഉത്തരം. മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഈ പ്രദേശം പഹൽ​ഗാമിലെ ഒരു സുപ്രധാന വിനോദസ‍‍ഞ്ചാര കേന്ദ്രവും റിസോർട്ട് ടൗണുമാണ്.

പഹൽ​ഗാം ടൗണിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ബൈസരൻ പുൽമേട്ടിലേക്ക് എത്താൻ അരുവികളിലൂടെയും ഇടതൂർന്ന വനങ്ങളിലൂടെയും ചെളി നിറഞ്ഞ പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന ഒരു വളഞ്ഞുപുളഞ്ഞ ട്രെക്കിങ് പാതയാണുള്ളത്. വലിയ വാഹനങ്ങൾക്ക് സ‍ഞ്ചരിക്കാനാവാത്ത വിധമാണ് പാതയുടെ ഭൂരിഭാ​ഗം ഭാ​ഗവും. റൂട്ടിന്റെ ചില ഭാഗങ്ങൾ വഴുക്കലുള്ളതാണ്. ചെറുതായൊന്ന് കാൽ പിഴച്ചാൽ പോലും ആഴത്തിലുള്ള മലയിടുക്കുകളിലൂടെ താഴേക്ക് വീഴാം.

Advertising
Advertising

ആരോ​ഗ്യമുള്ള ഒരു ചെറുപ്പക്കാരന് പഹൽഗാമിൽ നിന്ന് ബൈസരനിലേക്ക് ഇടവേളകളൊന്നും ഇല്ലാതെ കാൽനടയായി എത്താൻ ഏകദേശം ഒരു മണിക്കൂർ എടുക്കും. പുൽമേട് എല്ലാ വശങ്ങളിലും ആഴത്തിലുള്ള മലയിടുക്കുകളാൽ ചുറ്റപ്പെട്ടതിനാൽ ട്രെക്കിങ് റൂട്ട് ഒഴികെയുള്ള മറ്റ് വഴികളിലൂടെ എത്തിച്ചേരുന്നത് ബുദ്ധിമുട്ടാണ്. പഹൽ​ഗാമിൽ നിന്ന് നടന്നും കുതിരപ്പുറത്തും സഞ്ചാരികൾ‌ പുൽമേട്ടിലേക്ക് എത്തുന്നു. 


എന്നാൽ ബൈസാരനിൽ സ്റ്റാളുകൾ നടത്തുന്ന നാട്ടുകാർ, പാതയുടെ ഒരു നിശ്ചിത ഭാ​ഗം വരെ സഞ്ചരിക്കാൻ പലപ്പോഴും സൈക്കിളുകൾ ഉപയോഗിക്കുന്നു. ദുർഘടമായ ഭൂപ്രകൃതി കാരണം അടിയന്തര സാഹചര്യങ്ങളിൽ ഇടപെടുന്നവർക്കോ സുരക്ഷാ സേനയ്ക്കോ ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കുറഞ്ഞത് 30-40 മിനിറ്റ് എടുക്കും.

അതേസമയം, നിലവിൽ‍ വിനോദസഞ്ചാരികളുടെ തിരക്ക് കൂടുതലായിരുന്നിട്ടും പഹൽഗാം- ബൈസരൻ റൂട്ടിൽ സുരക്ഷാ വിന്യാസം ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 5.5 കിലോമീറ്റർ റൂട്ടിൽ ഒരു പൊലീസ് പിക്കറ്റ് പോലും ഉണ്ടായിരുന്നില്ലെന്ന് ചൊവ്വാഴ്ചത്തെ ആക്രമണത്തിന് ശേഷം സ്ഥലം സന്ദർശിച്ച ലേഖകൻ പറയുന്നു.

30 ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന ബൈസരൻ സന്ദർശിക്കാൻ നൂറുകണക്കിന് വിനോദസ‍‍ഞ്ചാരികളാണ് ഓരോ ദിവസവും എത്തുന്നത് എന്നിരിക്കെ വലിയ സുരക്ഷാവീഴ്ചയാണ് ഇവിടെ ഉണ്ടായത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ ഇല്ലാ എന്നതിനാൽ അക്രമികൾക്ക് ഇവിടേക്ക് എളുപ്പത്തിൽ പ്രവേശിക്കാനായെന്നാണ് വിലയിരുത്തൽ.

ഇന്നലെയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. 26 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 15 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശവാസികളെയും കച്ചവടക്കാരെയും ടാക്‌സി ഡ്രൈവർമാരേയും മാറ്റിനിർത്തി വിനോദ സഞ്ചാരികളെ മാത്രം ലക്ഷ്യം വച്ചുള്ളതായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളും നോക്കിനിൽക്കെ വെടിയേറ്റു വീണത് പുരുഷന്മാരായിരുന്നു.

പഹൽഗാമിൽ കുതിരപ്പുറത്ത് കയറിയോ കാൽനടയായോ മാത്രം ട്രക്കിങ് നടത്തി എത്താൻ സാധിക്കുന്ന മിനി സ്വിറ്റ്‌സർലന്റ് എന്നറിയപ്പെടുന്ന ബൈസാറിൻ കുന്നിൻമുകളിലാണ് ആക്രമണം നടന്നത്. സൈനിക വേഷത്തിലാണ് ഭീകരർ എത്തിയതെന്നാണ് വിവരം. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News