Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ലഖ്നൗ: രണ്ടു മാസം മുമ്പ് മരിച്ച അമ്മയുടെ അക്കൗണ്ടിലേക്ക് 37 അക്ക തുക എത്തിയതിന്റെ ഞെട്ടലിലാണ് 19കാരനായ ദീപു. ഗ്രേറ്റർ നോയിഡയിലെ ഡാൻകൗറിലായിരുന്നു സംഭവം. കഴിഞ്ഞ ഞായറാഴ്ച രാത്രി 1.13 ലക്ഷം കോടിയിലധികം രൂപയാണ് ഒറ്റയടിക്ക് ഗ്രേറ്റര്‍ നോയിഡയിലെ ഡങ്കൗര്‍ സ്വദേശിയായിരുന്ന ഗായത്രി ദേവിയുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയത്.
കൃത്യമായി പറഞ്ഞാല്‍ 10,01,35,60,00,00,00,00,00,01,00,23,56,00,00,00,00,299 രൂപ. കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിലേക്കാണ് അപ്രതീക്ഷിതമായി ഇത്രയും തുക എത്തിയത്. ഗായത്രി ദേവിയുടെ അക്കൗണ്ട് മകൻ ദീപുവാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. അടുത്ത ദിവസം രാവിലെ ദീപക് ബാങ്ക് സന്ദർശിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു.
ബാങ്ക് ഉദ്യോഗസ്ഥർ അക്കൗണ്ട് പരിശോധിക്കുകയും അക്കൗണ്ട് മരവിപ്പിച്ചതായി അറിയിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാങ്ക് ആദായനികുതി വകുപ്പിനെ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ച ഒരാളുടെ അക്കൗണ്ടിലേക്ക് ഇത്രയും അസാധാരണമായ തുക എങ്ങനെ ക്രെഡിറ്റ് ചെയ്തുവെന്ന് കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബാങ്കിങ് പിശകോ, സാങ്കേതിക തകരാറോ അല്ലെങ്കില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടോ ആകാം ഇത്രയും വലിയ തുക അക്കൗണ്ടിലേക്കെത്തിയതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വാർത്തകൾ നിഷേധിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക് രംഗത്തെത്തി. HT.com-നോടാണ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.