പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചു; വെല്ലൂര്‍ സി.എം.സിക്ക് 15 ലക്ഷം രൂപ പിഴ

ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍ ജിങ്ക റെഡ്ഡി ശേഖറാണ് ബുധനാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്

Update: 2022-10-29 07:42 GMT
Editor : Jaisy Thomas | By : Web Desk
Advertising

നെല്ലോര്‍: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ച് തുന്നിക്കെട്ടിയ സംഭവത്തില്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിന്(സി.എം.സി) 15 ലക്ഷം രൂപ പിഴ. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍ ജിങ്ക റെഡ്ഡി ശേഖറാണ് ബുധനാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

2015ലാണ് സംഭവം. നെല്ലൂർ ജില്ലയിലെ ആനമസമുദ്രംപേട്ടയിൽ നിന്നുള്ള എസ്.കെ രഷീലഭാനു എന്ന യുവതിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. നവംബര്‍ 27നാണ് സി.എം.സിയില്‍ വച്ച് ഭാനുവിന്‍റെ പ്രസവ ശസ്ത്രക്രിയ നടന്നത്. ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം കഠിനമായ വയറുവേദന അനുഭവപ്പെടുകയും ചെയ്തു. ഹൈദരാബാദിലും വിജയവാഡയിലും ചികിത്സ തേടിയിട്ടും ഫലം കാണാത്തതിനാല്‍ 2017 ജൂണിൽ നെല്ലൂരിലെ സ്വകാര്യ ആശുപത്രിയെ സമീപിച്ചു. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് വയറിനുള്ളില്‍ പഞ്ഞി കണ്ടെത്തുകയും നീക്കം ചെയ്യുകയും ചെയ്തത്.

20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2017 നവംബറിൽ യുവതി ഉപഭോക്തൃ തർക്ക സമിതിയെ സമീപിച്ചു. ആശുപത്രി മാനേജ്മെന്‍റ് കുറ്റം നിഷേധിച്ചപ്പോൾ, കമ്മീഷൻ വിഷയം അന്വേഷിക്കാൻ കോടതി കമ്മീഷണറെ നിയോഗിച്ചു. തെളിവെടുപ്പിനായി സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോള്‍ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്ത പഞ്ഞി അധികൃതര്‍ കമ്മീഷണര്‍ക്ക് കൈമാറി. സിഎംസിയുടെ സ്റ്റോർ രേഖകളിൽ കൃത്രിമം നടന്നതായും കമ്മിഷണർ കണ്ടെത്തി. ആറ് കോട്ടൺ പാഡുകൾ ഉപയോഗിച്ചതായി രേഖകളിൽ പരാമർശിച്ചപ്പോൾ ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ചെണ്ണം മാത്രമാണ് കണ്ടെത്തിയത്. ഇതു തിരുത്തിയെഴുതാനും ജീവനക്കാര്‍ ശ്രമിച്ചു. 45 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും ഇല്ലെങ്കിൽ 9 ശതമാനം പലിശ ഈടാക്കുമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News