'ഇത്തവണ ബിജെപി സർക്കാർ'; വോട്ടു പിടിക്കാന്‍ റഷ്യൻ യുവതികളുടെ നൃത്തവുമായി രാജസ്ഥാൻ ബിജെപി

തെരഞ്ഞെടുപ്പ് ദിവസമായ ശനിയാഴ്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

Update: 2023-11-26 10:31 GMT
Editor : abs | By : Web Desk
Advertising

ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ റഷ്യൻ യുവതികളെ ഉപയോഗിച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇത്തവണ സംസ്ഥാനത്ത് ബിജെപി വിജയിക്കുമെന്ന് പറഞ്ഞ് നൃത്തം ചെയ്യുന്ന വിദേശ വനിതകളുടെ വീഡിയോ ആണ് ബിജെപി പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് ദിവസമായ ശനിയാഴ്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

പരമ്പരാഗത രാജസ്ഥാനി വേഷമണിഞ്ഞാണ് യുവതികൾ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇത്തവണ ബിജെപി സർക്കാർ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിക്കുന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇവർ നൃത്തം ചെയ്യുകയും ബിജെപി പതാക വീശുകയും ചെയ്യുന്നുണ്ട്. സവായി മധോപൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കിരോലിലാൽ മീണയ്ക്കു വേണ്ടി സിന്ദാബാദ് വിളിക്കുകയും ചെയ്യുന്നു. 



കിരോലിലാലിന്റെ ഇൻസ്റ്റ്ഗ്രാം പേജിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. പിന്നീട് നേതാക്കളും പ്രവർത്തകരും വീഡിയോ പങ്കുവച്ചു. ഇതോടെ വീഡിയോ വൈറലാകുകയായിരുന്നു.

കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ശനിയാഴ്ച ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 74 ശതമാനം പോളിങ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.  ജയ്‌സൽമേർ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ്- 82.32 ശതമാനം. കുറവ് പാലിയിലും - 65.12 ശതമാനം. ആകെ 199 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പു നടന്നത്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.  

Summary: Russian girls wearing Rajasthani costumes said, "This time BJP government in Rajasthan"

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News