'അടുത്ത വലിയ ചുവടുവെപ്പിന് തയ്യാറാവൂ': സച്ചിന്‍ പൈലറ്റിന്‍റെ പദയാത്ര രണ്ടാം ദിവസത്തില്‍

അഞ്ച് ദിവസത്തെ പദയാത്ര അജ്മീറില്‍ നിന്നാണ് തുടങ്ങിയത്

Update: 2023-05-12 07:38 GMT
Advertising

ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെഹ്‍ലോട്ട് സര്‍ക്കാറിനെതിരെ കോൺഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്‍റെ പദയാത്ര രണ്ടാം ദിവസത്തില്‍. യാത്രയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഉന്നത നേതാക്കള്‍ ഇടപെട്ടെങ്കിലും പിന്മാറാൻ സച്ചിൻ പൈലറ്റ് തയ്യാറായില്ല. പ്രശ്നം ചർച്ച ചെയ്യാൻ ഇന്ന് കോൺഗ്രസ് നേതൃയോഗം ചേർന്നേക്കും.

കൊടുംചൂടിനെ അവഗണിച്ചും ജനങ്ങൾ പദയാത്രയിൽ പങ്കുചേരുന്നത് താൻ ഉയർത്തിയ വിഷയങ്ങളുടെ ഗൌരവം കൊണ്ടാണെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. അടുത്ത വലിയ ചുവടുവെപ്പിന് തയ്യാറാകൂ എന്ന് സച്ചിന്‍ പൈലറ്റ് യാത്രക്കിടെ ആഹ്വാനം ചെയ്തെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞു. തന്‍റെ അടുത്ത പദ്ധതിയെന്തെന്ന് അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെയ്ക്കുമെന്ന് അനുയായികള്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയിലെ തന്‍റെ സ്വീകാര്യത തെളിയിക്കാനാണ് സച്ചിന്‍ പൈലറ്റിന്‍റെ ഈ യാത്രയെന്നാണ് വിലയിരുത്തല്‍.

അഞ്ച് ദിവസത്തെ യാത്ര അജ്മീറില്‍ നിന്നാണ് തുടങ്ങിയത്. അഴിമതിക്കെതിരെയാണ് പോരാട്ടമെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെട്ടത്- "രാജസ്ഥാനില്‍ തെരഞ്ഞെടുപ്പിന് അധികം സമയമില്ലാത്തതിനാൽ പാർട്ടി ഹൈകമാൻഡ് പ്രശ്നങ്ങളില്‍ ഇടപെടുകയും പരിഹരിക്കുകയും വേണം. അഴിമതി അന്വേഷിക്കണം"- ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സച്ചിന്‍ പൈലറ്റ് പറഞ്ഞു.

നേരത്തെ അഴിമതിക്കെതിരെ ഒരു ദിവസത്തെ നിരാഹാര സമരം സച്ചിന്‍ പൈലറ്റ് സംഘടിപ്പിച്ചിരുന്നു. വസുന്ധരരാജെ മുഖ്യന്ത്രിയായിരുന്ന കാലത്തെ അഴിമതി അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. വസുന്ധര രാജെയുമായി താൻ ഒത്തുകളിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. തനിക്ക് വ്യക്തിപരമായി ആരുമായും പ്രശ്‌നങ്ങളില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News