കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് പ്രഖ്യാപനം മാറ്റി
നീട്ടിവെക്കാൻ നിർദ്ദേശിച്ചത് കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണെന്ന് അവാർഡ് കമ്മറ്റി അംഗം കെ. പി രാമനുണ്ണി
ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് പ്രഖ്യാപനം മാറ്റി. നീട്ടിവെക്കാൻ നിർദ്ദേശിച്ചത് കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണെന്ന് അവാർഡ് കമ്മറ്റി അംഗം കെ. പി രാമനുണ്ണി. മാധ്യമങ്ങളെ ഉൾപ്പെടെ അവാർഡ് പ്രഖ്യാപനം മാറ്റിവെച്ച വിവരം അറിയിച്ചിരുന്നില്ല.
പ്രഖ്യാപനത്തിനുള്ള എല്ലാവിധ ഒരുക്കവും കഴിഞ്ഞതാണ്. കാര്യങ്ങൾ കൃത്യമായി നടന്നു. എക്സീകൂട്ടീവ് കമ്മറ്റിയിൽ അന്തിമ അംഗീകാരം നൽകിയതാണ്. എന്നാൽ കേന്ദ്ര സാംസ്കാരിക വകുപ്പിൽ നിന്ന് അവാർഡ് പ്രഖ്യാപനം നിർത്തിവെക്കണം എന്ന ആവശ്യപ്പെട്ടു. അവാർഡ് നിർണയത്തിൽ തർക്കങ്ങൾ ഇല്ലായിരുന്നു. അതിൽ മാറ്റം വരുത്താൻ ആവില്ലയെന്നും കെ. പി രാമനുണ്ണി പറഞ്ഞു.
ഇന്ന് വൈകിട്ട് 3 മണിയ്ക്കായിരുന്നു വിവിധ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നത്. 24 ഇന്ത്യൻഭാഷകളിലെ എഴുത്തുകാർക്കാണ് പുരസ്കാരമുണ്ടാകേണ്ടത്.
വിദഗ്ധസമിതി തിരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ പരിഗണിക്കുന്നതിന് പകരമായി പൊതുജനങ്ങൾക്കുൾപ്പെടെ കൃതികൾ നാമനിർദേശം ചെയ്യാൻ ഇത്തവണ അവസരം നൽകിയിരുന്നു.
2019 ജനുവരി ഒന്നിനും 2023 ഡിസംബർ 31നുമിടയിൽ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ഒരുലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം രാജ്യത്തെ ഉന്നതമായ സാഹിത്യബഹുമതികളിലൊന്നാണ്.
സാഹിത്യ അക്കാദമി പുരസ്കാരങ്ങളിൽ നേരത്തെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. കേന്ദ്ര സർക്കാരിന് താത്പര്യമുള്ളവർക്ക് അവാർഡ് നൽകുന്നു എന്നതാണ് അതിൽ പ്രധാനം. അതിനിടയിലാണ് അവാർഡ് പ്രഖ്യാപനത്തിലെ കേന്ദ്ര ഇടപെടൽ.