സെയ്ഫ് അലി ഖാന് 15,000 കോടി രൂപയുടെ സ്വത്ത് നഷ്ടമായേക്കും; ചരിത്രപ്രാധാന്യമുള്ള ഭൂമിയും കെട്ടിടവും സർക്കാർ ഏറ്റെടുത്തേക്കും

പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നതിനെതിരെ സെയ്ഫ് അലി ഖാന് നൽകിയ ഹരജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു

Update: 2025-01-22 08:02 GMT

ഭോപാൽ: പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 15,000 കോടി രൂപയുടെ സ്വത്ത് സെയ്ഫ് അലി ഖാന് നഷ്ടമായേക്കും. പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നതിനെതിരെ സെയ്ഫ് അലി ഖാന് നൽകിയ ഹരജി മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു.

വിഭജനകാലത്ത് പാകിസ്താനിലേക്ക് പോയി അവിടെ പൗരത്വം നേടിയവരുടെ ഇന്ത്യയിലെ സ്വത്തുക്കൾ ശത്രുസ്വത്ത് നിയമത്തിന് (Enemy Property) കീഴിലാകും. ഭോപാല്‍ നവാബായിരുന്ന ഹമീദുല്ല ഖാന്റെ മൂന്ന് പെൺമക്കളിൽ മൂത്തയാളായ ആബിദ സുല്‍ത്താന്‍ 1950-ൽ പാകിസ്താനിലേക്ക് കുടിയേറുകയും അവിടെ പൗരത്വം എടുക്കു​കയും ചെയ്തിരുന്നു. ഇതോടെയാണ് സ്വത്തുക്കൾ ശത്രുസ്വത്ത് നിയമത്തിന് കീഴിൽ വന്നത്.

Advertising
Advertising

ഭോപാലില്‍ കൊഹേഫിസ മുതല്‍ ചിക്‌ലോദ് വരെ നീണ്ടുകിടക്കുന്ന ഏറെ ചരിത്രപ്രാധാന്യമുള്ളതാണ് വസ്തുവകകള്‍. ഇതേറ്റെടുക്കുകയാണെന്ന് കാണിച്ച് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി ഡിപാര്‍ട്‌മെന്റ് 2014ൽ സെയ്ഫ് അലിഖാന് നോട്ടീസ് നല്‍കി. ഇതിനെതിരെ സെയ്ഫ് മധ്യപ്രദേശ് ഹൈക്കോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു. എന്നാൽ 2024 ഡിസംബർ 13 ന് സെയ്ഫിന്റെ ഹരജി തള്ളിയ കോടതി, അപ്പീൽ ട്രൈബ്യൂണലിനെ സമീപിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ കുടുംബം തുടർനടപടികൾ സ്വീകരിച്ചില്ല. ഇതിന് പിന്നാലെയാണ് 15,000​ കോടിയുടെ ആസ്തി ഏറ്റെടുക്കാൻ സർക്കാരി​ന് വഴിയൊരുങ്ങിയത്. കഴിഞ്ഞയാഴ്ച വീട്ടിനകത്തുവെച്ച് മോഷ്ടാവിന്റെ അക്രമണത്തിനിരയായ താരം കഴിഞ്ഞദിവസമാണ് ആശുപത്രിവിട്ടത്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News