സമീർ വാങ്കഡെ രാഷ്ട്രീയത്തിലേക്ക്? എന്‍.ഡി.എ സ്ഥാനാര്‍ഥിയായേക്കും

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വാഷിം മണ്ഡലത്തിൽ ബി.ജെ.പി-ആർ.പി.ഐ സഖ്യ സ്ഥാനാർഥിയായി മത്സരിക്കാനാണ് സമീർ വാങ്കഡെയുടെ നീക്കം...

Update: 2022-10-28 11:52 GMT
Editor : ijas

മുംബൈ: ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻഖാനെ അറസ്റ്റ് ചെയ്ത് കുപ്രസിദ്ധി നേടിയ എന്‍.സി.ബി അന്വേഷണ ഉദ്യോ​ഗസ്ഥനായ സമീർ വാങ്കഡെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി സൂചന. ബി.ജെ.പിയുടെ സഖ്യകക്ഷിയും കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയുടെ പാര്‍ട്ടിയുമായ റിപ്ലബിക്കന്‍ പാര്‍ട്ടി(ആര്‍.പി.ഐ)യുടെ ബാനറിലാകും സമീർ വാങ്കഡെ രാഷ്ട്രീയ പ്രവേശനം നടത്തുകയെന്നാണ് അഭ്യൂഹം.

ദീപാവലി ആശംസകള്‍ അറിയിച്ചുകൊണ്ട് സമീര്‍ വാങ്കഡെയും ഭാര്യ ക്രാന്തി റെഡ്കറും പത്രത്തില്‍ മുഴുനീള പരസ്യം നല്‍കിയിരുന്നു. ജന്മനാടായ വാഷിം ജില്ലയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേരുന്നതായും എല്ലാവര്‍ക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ദീപാവലിയുണ്ടാകട്ടെയെന്നും സമീര്‍ പരസ്യത്തിലൂടെ ആശംസിച്ചു. ഇതിന് പിന്നാലെ വാഷിം ജില്ലയിലെ വരൂഡ്ടോഫയില്‍ സംഘടിപ്പിച്ച വന്‍ ദീപാവലി ആഘോഷത്തിലും സമീര്‍ വാങ്കഡെ പങ്കെടുത്തു. കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെയായിരുന്നു പരിപാടിയിലെ മുഖ്യാതിഥി. മൂന്നുദിവസമാണ് സമീറും ഭാര്യയും പരിപാടിക്കായി ചെലവഴിച്ചത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വാഷിം മണ്ഡലത്തിൽ ബി.ജെ.പി-ആർ.പി.ഐ സഖ്യ സ്ഥാനാർഥിയായി മത്സരിക്കാനാണ് സമീർ വാങ്കഡെയുടെ നീക്കമെന്നാണ് കരുതുന്നത്.

Advertising
Advertising

ഐ.ആര്‍.എസിലെ 2008 ബാച്ച് ഉദ്യോഗസ്ഥനാണ് വാങ്കഡെ. എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ ഡപ്യൂട്ടി കമ്മീഷണറായും കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണറായും എന്‍ഐഎയില്‍ അഡിഷണല്‍ എസ്പിയായും ഡിആര്‍ഐ ജോയിന്‍റ് ഡയറക്ടറായും ജോലി ചെയ്ത ശേഷമാണ് സമീര്‍ വാങ്കഡെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലെത്തിയത്. മുംബൈ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി അറസ്റ്റുകള്‍ക്ക് പിന്നാലെ എന്‍സിബിയില്‍ വാങ്കഡെയുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടി നല്‍കിയിരുന്നു. ഈ വര്‍ഷത്തെ മികച്ച സേവനത്തിനുള്ള ആഭ്യന്തരമന്ത്രിയുടെ മെഡലും സമീര്‍ വാങ്കഡെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ മുംബൈ ലഹരിക്കേസില്‍ എന്‍.സി.ബി ആര്യന്‍ഖാന് ക്ലീൻചിറ്റ് നൽകിയതിനു പിന്നാലെ സമീര്‍ വാങ്കഡെ അടക്കമുള്ള എട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്‍.സി.ബി വിജിലന്‍സ് നടപടിക്ക് ആവശ്യപ്പെട്ടിരുന്നു. കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായും വിജിലന്‍സ് കണ്ടെത്തി. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് സമീര്‍ വാങ്കഡെയുടെ രാഷ്ട്രീയ പ്രവേശനം എന്നത് ശ്രദ്ധേയമാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News