കർണാടകയിൽ മുസ്‍ലിം സംവരണം റദ്ദാക്കിയത് തങ്ങളാണെന്ന പ്രസ്താവന; അമിത് ഷായെ വിമർശിച്ച് സുപ്രിംകോടതി

വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്ന മുന്നറിയിപ്പും കോടതി നൽകി

Update: 2023-05-09 16:28 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: കേന്ദ്രഅഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ സുപ്രിംകോടതി വിമർശനം. കർണാടകയിലെ മുസ്ലിം സംവരണം റദ്ദാക്കിയതിനെതിരായ ഹരജി പരിഗണിച്ചപ്പോൾ ജസ്റ്റിസുമാരായ കെ.എം. ജോസഫ്,ബിവി നാഗരത്‌ന എന്നിവരുടെ ബെഞ്ചാണ് വിമർശിച്ചത്.

മുസ്‍ലിം സംവരണം റദ്ദാക്കിയത് തങ്ങളാണെന്ന് കർണാടകയിൽ അമിത് ഷാ പ്രസംഗിച്ച വിവരം മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയങ്ങളിൽ പുറത്ത് അഭിപ്രായം പറയുന്നതിലാണ് ബെഞ്ച് അസ്വസ്ഥത പ്രകടിപ്പിച്ചത്.

കർണാടക നിയമസഭാതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രചാരണ റാലിയിലായിരുന്നു അമിത്ഷാ കർണാടകയിൽ മുസ്ലിം സംവരണം റദ്ദാക്കിയതിനെക്കുറിച്ച് പ്രസ്താവന നടത്തിയത്. അടുത്തിടെയാണ് കർണാടകയിൽ മുസ്‍ലിംങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം ബി.ജെ.പി സർക്കാർ റദ്ദാക്കിയത്. ഇത്തരം പ്രസ്താവനകൾ അനുചിതമാണെന്നും കോടതി നടപടികളുടെ പരിശുദ്ധി പാലിക്കണമെന്നും ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തകർ തങ്ങളുടെ പ്രസംഗങ്ങളിൽ ജാഗ്രത പാലിക്കണമെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്നും ജസ്റ്റിസുമാരായ കെഎം ജോസഫ്, ബിവി നാഗരത്ന, അഹ്‌സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്ന മുന്നറിയിപ്പും കോടതി നൽകി. ഹരജി ജൂലൈ 25 നു വീണ്ടും പരിഗണിക്കും. വിജ്ഞാപനം ഉടൻ നടപ്പിലാക്കില്ലെന്നു കർണാടക സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. തുഷാർ മേത്തയും ദുഷ്യന്ത് ദവെയും തമ്മിൽ വാക്‌പോരിനും സുപ്രിംകോടതി വേദിയായി. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News