രാഹുൽ ഗാന്ധിയെ ശിക്ഷിച്ച മജിസ്ട്രേറ്റ് അടക്കമുള്ളവരുടെ സ്ഥാനക്കയറ്റത്തിന് സ്റ്റേ

68 ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റമാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്

Update: 2023-05-12 06:39 GMT
Advertising

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അപകീര്‍ത്തിക്കേസില്‍ ശിക്ഷിച്ച മജിസ്ട്രേറ്റ് അടക്കം ഗുജറാത്തിലെ 68 ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥാനക്കയറ്റം സുപ്രിംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി നൽകിയ ശിപാർശയും ഗുജറാത്ത് സർക്കാരിന്‍റെ വിജ്ഞാപനവുമാണ് സ്‌റ്റേ ചെയ്തത്. ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി.

ഹൈക്കോടതിയുടെ ശിപാർശവും സർക്കാരിന്‍റെ വിജ്ഞാപനവും നിയമ വിരുദ്ധമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഓഫീസര്‍മാരുടെ നിയമനം ചോദ്യംചെയ്ത് നൽകിയ ഹരജിയിലാണ് ഇടക്കാല സ്‌റ്റേ.

എംപി സ്ഥാനത്തു നിന്ന് രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് കാരണമായ വിധി പുറപ്പെടുവിച്ച സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരിഷ് ഹസ്‍മുഖ് ഭായ് വർമയുടെ സ്ഥാനക്കയറ്റം നേരത്തെ വിവാദമായിരുന്നു. സീനിയർ സിവിൽ ജഡ്ജി കേഡർ ഓഫീസർമാരായ രവികുമാർ മാഹേത, സച്ചിൻ പ്രതാപ് റായ് മേത്ത എന്നിവരാണ് 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ചത്.

സ്ഥാനക്കയറ്റം നൽകാനും ഏപ്രില്‍ 18ന് വിജ്ഞാപനം പുറപ്പെടുവിക്കാനും കാണിച്ച അസാധാരണമായ തിടുക്കത്തെ കുറിച്ച് സുപ്രിംകോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. സ്ഥാനക്കയറ്റ കേസ് കോടതിയുടെ പരിഗണനയിലാണെന്ന് അറിയാമായിരുന്നിട്ടും ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് ഖേദകരമാണ്. ഈ തിടുക്കം അംഗീകരിക്കാനാവില്ല. സീനിയോറിറ്റിക്കാണോ മെറിറ്റിനാണോ പരിഗണന നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ സ്ഥാനക്കയറ്റം ലഭിച്ചവരേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ ഉണ്ടായിരുന്നുവെന്നായിരുന്നു ഹരജിക്കാരുടെ വാദം. കുറഞ്ഞ മാർക്ക് നേടിയവരെ നിയമിച്ചത് മെറിറ്റ് പരിഗണിക്കാതെ സീനിയോറിറ്റിക്ക് പ്രാധാന്യം നല്‍കിയാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. റിക്രൂട്ട്‌മെന്റ് ചട്ടങ്ങൾ അനുസരിച്ച് ജില്ലാ ജഡ്ജിയായി നിയമനം നടത്തേണ്ടത് മെറിറ്റ്-കം-സീനിയോറിറ്റി തത്വത്തിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷയിലൂടെയും 65 ശതമാനം സംവരണം നിലനിര്‍ത്തിയുമാണ്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News