പാർലമെന്റിലെ അതിക്രമം: കർണാടക സ്വദേശിയായ എൻജിനീയർ അറസ്റ്റിൽ

നേരത്തെ ആറുപേർ സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്

Update: 2023-12-21 06:58 GMT
Advertising

ന്യൂഡൽഹി: പാർലമെന്റിനകത്ത് അതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ കൂടി ഡൽഹി പൊലീസിന്റെ പിടിയിലായി. കർണാടക ബാഗൽകോട്ട് സ്വദേശിയും സോഫ്റ്റ്​വെയർ എൻജിനീയറുമായ സായ്കൃഷ്ണ ജഗലിയാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി അറസ്റ്റിലായ ഇ​യാളെ ഡൽഹിയിലെത്തിച്ചു.

ലോക്സഭക്കകത്ത് അതിക്രമിച്ച് കയറിയ ഡി. മനോരഞ്ജന്റെ സുഹൃത്താണ് സായ്കൃഷ്ണ. ഇരുവരും ബംഗളൂരുവിൽ എൻജിനീയറിങ് കോളജിൽ സഹപാഠികളായിരുന്നു. മനോരഞ്ജ​നെ ചോദ്യം​ ചെയ്തതിൽനിന്നാണ് സായ്കൃഷ്ണയെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. സായ്കൃഷ്ണയുടെ പിതാവ് കർണാടക പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു.

അതേസമയം, സായ് കൃഷ്ണ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരി സ്പന്ദ പറഞ്ഞു. ‘ഡൽഹി പൊലീസ് വീട്ടിൽ വന്നു എന്നത് സത്യമാണ്. സഹോദരനെ അവർ ചോദ്യം ചെയ്തു. ഞങ്ങൾ അവരോട് നല്ലരീതിയിൽ തന്നെ സഹകരിച്ചു. സായ്കൃഷ്ണ തെറ്റൊന്നും ചെയ്തിട്ടില്ല. അ​വനും മനോരഞ്ജനും ഒരുമിച്ചായിരുന്നു താമസം. ഇപ്പോൾ സായ്കൃഷ്ണ വീട്ടിൽനിന്നാണ് ജോലി ചെയ്യുന്നത്’ -സ്പന്ദ വ്യക്തമാക്കി.

കഴിഞ്ഞ ബുധനാഴ്ച പാർലമെന്റിലുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് നേരത്തെ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. ശൂന്യവേളയിലാണ് ലോക്സഭയിലെ സന്ദർശക ഗാലറിയിൽനിന്ന് മൈസൂരു സ്വദേശി മനോരഞ്ജൻ, ഉത്തർ പ്രദേശിൽനിന്നുള്ള സാഗർ ശർമ എന്നിവർ ചാടിയിറങ്ങി പുകത്തോക്കിൽനിന്ന് മഞ്ഞനിറത്തിലുള്ള പുക പരത്തിയത്. കൂടാതെ പാർലമെന്റിന് പുറത്ത് മഹാരാഷ്ട്രയിൽനിന്നുള്ള അമോൽ ഷിൻഡെ, ഹരിയാന സ്വദേശിനി നീലം ദേവി എന്നിവരും പുകത്തോക്ക് പൊട്ടിച്ച് മുദ്രാവാക്യം മുഴക്കിയിരുന്നു.

നാലുപേരെയും ഉടനടി സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി. സംഭവത്തിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ബിഹാർ സ്വദേശി ലളിത് ഝാ​, ഇദ്ദേഹത്തിന്റെ സഹായി മഹേഷ് കുമാവത് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ലോക്സഭയിൽ പൊട്ടിച്ച പുകത്തേക്ക് പ്രതികൾ ഷൂവിൽ വിദഗ്ധമായി ഒളിപ്പിച്ചാണ് അകത്തേക്ക് കടത്തിയത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News