മനസു കൊണ്ട് ഞാനൊരു ഇന്ത്യാക്കാരി, പാകിസ്താനിലേക്ക് മടങ്ങില്ല; പബ്ജി കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയ പാക് യുവതി

ആരും എന്നെ പ്രേരിപ്പിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടില്ല, ഞാൻ എന്‍റെ സ്വന്തം ഇഷ്ടപ്രകാരം സ്നേഹത്തിന് വേണ്ടിയാണ് ഇവിടെ വന്നത്

Update: 2023-07-10 10:45 GMT

സീമ ഹൈദറും സച്ചിന്‍ മീണയും

നോയിഡ: സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദര്‍. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള സീമ, പബ്ജി കളിക്കുന്നതിനിടെ നോയിഡയിലെ സച്ചിൻ മീണയുമായി പ്രണയത്തിലാവുകയും പിന്നീട് ഇയാള്‍ക്കൊപ്പം ജീവിക്കാന്‍ അനധികൃതമായി ഇന്ത്യയിലെത്തുകയുമായിരുന്നു. ബിബിസി ഹിന്ദിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ജന്‍മനാട്ടിലേക്ക് മടങ്ങിപ്പോകില്ലെന്ന് പറഞ്ഞത്.

"ആരും എന്നെ പ്രേരിപ്പിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടില്ല, ഞാൻ എന്‍റെ സ്വന്തം ഇഷ്ടപ്രകാരം സ്നേഹത്തിന് വേണ്ടിയാണ് ഇവിടെ വന്നത്.'' സീമ പറയുന്നു. സ്വന്തം നാടിനെ സ്‌നേഹപൂർവ്വം ഓർക്കുന്നുവെന്നും എന്നാൽ തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവർ പറയുന്നു.താൻ സച്ചിനെ അഗാധമായി സ്നേഹിക്കുന്നുവെന്നും തന്‍റെ നാല് കുട്ടികളുമായി ഇന്ത്യയിൽ അദ്ദേഹത്തോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും സീമ ഹൈദർ ആജ് തക്കിനോട് പറഞ്ഞു.“എനിക്ക് പാകിസ്താനിലേക്ക് മടങ്ങാൻ താൽപര്യമില്ലെന്നും ഞാൻ ഒരു ഹിന്ദുവായി മാറിയെന്നും എന്റെ കുട്ടികളും ഹിന്ദുമതം സ്വീകരിച്ചെന്നും ഇന്ത്യൻ അധികാരികളോട് അപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി എന്നെ ഇവിടെ താമസിക്കാൻ അനുവദിക്കൂ. ഞാൻ പാകിസ്താനിലേക്ക് മടങ്ങിയെത്തിയാൽ അവർ എന്നെ കൊല്ലും,” സീമ വ്യക്തമാക്കി.

Advertising
Advertising

തന്‍റെ മക്കൾക്ക് അവരുടെ പിതാവിന്‍റെ അടുത്തേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ അവർക്ക് പോകാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നിരുന്നാലും, പിതാവ് ഒരിക്കലും അവർക്ക് സ്നേഹം നൽകിയിട്ടില്ലാത്തതിനാൽ തങ്ങളെ വിട്ടുപോകില്ലെന്ന് അവർ കൂട്ടിച്ചേർത്തു.താന്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെടുന്ന ഭർത്താവിന്‍റെ അടുത്തേക്ക് പോയാൽ തന്നെ പീഡിപ്പിക്കുമെന്ന ആശങ്കയും സീമ പ്രകടിപ്പിച്ചു.ഇന്ത്യയിൽ മാത്രം ജീവിക്കാനും മരിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ സീമ പാകിസ്താനില്‍ തനിക്ക് ആരുമില്ലെന്നും വ്യക്തമാക്കി.

സീമയെ തന്നോടൊപ്പം താമസിക്കാൻ അനുവദിക്കണമെന്ന് സച്ചിൻ മീണ സർക്കാരിനോട് അഭ്യർത്ഥിച്ചു. ഈ വർഷം മാർച്ചിൽ നേപ്പാളിൽ വെച്ച് സീമയെ താൻ വിവാഹം കഴിച്ചതായും അദ്ദേഹം പറഞ്ഞു.അതേസമയം, തന്റെ ഭാര്യയെയും മക്കളെയും പാകിസ്താനിലേക്ക് തിരിച്ചയക്കണമെന്ന് സീമ ഹൈദറിന്റെ ആദ്യ ഭർത്താവ് ഗുലാം ഹൈദർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യൻ സർക്കാരിനോടും അഭ്യർത്ഥിച്ചു.സൗദി അറേബ്യയിലാണ് ഗുലാം ഹൈദര്‍. ചെറുപ്പത്തില്‍ തന്നെ നിര്‍ബന്ധിച്ച് ഗുലാമിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നാണ് സീമയുടെ ആരോപണം.

നേപ്പാളിലെ കാഠ്മണ്ഡുവിൽ വച്ചാണ് സീമയും സച്ചിനും ആദ്യമായി കണ്ടുമുട്ടുന്നത്.അവിടെ വച്ച രഹസ്യമായി വിവാഹം ചെയ്യുകയും ചെയ്തു. പിന്നീട് പാകിസ്താനിലേക്ക് മടങ്ങിയ സീമ അവിടെയുണ്ടായിരുന്ന സ്ഥലം വിറ്റ് 12 ലക്ഷം രൂപ സ്വരൂപിക്കുകയും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തതായി ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. മേയ് മാസത്തിലാണ് നാലു മക്കളുമായി സീമ ഡല്‍ഹിയിലെത്തിയത്. പലചരക്കുകടക്കാരനാണ് 23 കാരനായ സച്ചിന്‍. നോയിഡ രാബുപുരയില്‍ ദമ്പതിമാരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്താണ് ഇരുവരും കഴിയുകയായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ നിയമപരമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ച് അഭിഭാഷകനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് ജൂലൈ 4നാണ് സീമയെ അറസ്റ്റ് ചെയ്തത്. യുവതിക്ക് അഭയം നല്‍കിയതിന് സച്ചിനും പിടിയിലായി. പിന്നീട് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News