'കടകളില്‍ മുസ്‌ലിം സെയില്‍സ്മാന്‍മാരെ ഒഴിവാക്കണം'; വിദ്വേഷ കാമ്പയിനുമായി മുതിര്‍ന്ന ബിജെപി നേതാവിന്റെ മകന്‍

സെയില്‍സ്മാന്‍മാരുടെ ഒഴിവിലേക്ക് ഭാവിയിലും മുസ്‌ലിം യുവാക്കളെ നിയമിക്കരുതെന്നും തങ്ങള്‍ ഇടക്കിടെ പരിശോധിക്കുമെന്നും ഇന്‍ഡോറിലെ മുതിര്‍ന്ന ബിജെപി നേതാവിന്റെ മകനായ മാലിനി ഗൗറിന്റെ മകനായ ഏകലവ്യ ഗൗര്‍ കടയുടമകളോട് പറഞ്ഞു

Update: 2025-09-21 14:33 GMT

ന്യൂഡല്‍ഹി: മുസ്‌ലിം സെയില്‍സ്മാന്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവിന്റെ മകന്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുതിര്‍ന്ന ബിജെപി നേതാവ് മാലിനി ഗൗറിന്റെ മകനായ ഏകലവ്യ ഗൗര്‍ ആണ് കാമ്പയിന്‍ നടത്തുന്നത്. മുസ്‌ലിം സെയില്‍സ്മാന്‍മാരെ ജോലിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കടകള്‍തോറും കയറിയിറങ്ങുകയാണ്.

കടകളില്‍ ജോലി ചെയ്യുന്ന മുസ്‌ലിം പുരുഷന്മാര്‍ ലൗജിഹാദില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി നേതാവിന്റെ മകനായ ഗൗര്‍ അവകാശപ്പെടുന്നത്. തിരക്കേറിയ മാര്‍ക്കറ്റുകളില്‍ പോയി ഇക്കാര്യങ്ങളാണ് ഗൗര്‍ പറയുന്നത്. അതിനാല്‍ ഉടന്‍ ഇവരെ ജോലിയില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ആവശ്യം. കൂടാതെ സെയില്‍സ്മാന്‍മാരുടെ ഒഴിവിലേക്ക് ഭാവിയില്‍ പോലും മുസ്‌ലിം യുവാക്കളെ നിയമിക്കരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ജോലിയിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുമ്പ് ഇവരുടെ രേഖകള്‍ പരിശോധിച്ച് മുസ്‌ലിം അല്ലെന്ന് ഉറപ്പാക്കണമെന്നും ഗൗര്‍ ആവശ്യപ്പെട്ടു.

Advertising
Advertising

ബിജെപി നേതാവിന്റെ മകന്റെ പരാമര്‍ശം തുറന്ന വിദ്വേഷമല്ലാതെ മറ്റൊന്നുമല്ലെന്ന് തുണിക്കട ഉടമയായ അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. വര്‍ഷങ്ങളായി തന്റെ കടയില്‍ മുസ്‌ലിം സ്റ്റാഫുകളും ഹിന്ദു സ്റ്റാഫുകളും ജോലി ചെയ്യുന്നുണ്ട്. ഒരു കുഴപ്പവും ഇല്ലാതെ സമാധാനപരമായിട്ടാണ് അവര്‍ ജോലി ചെയ്യുന്നത്. മുസ്‌ലിം യുവാക്കളെ ജിഹാദികള്‍ എന്ന് വിളിക്കുന്നത് വിഷലിപ്തമായ മനസിന് ഉടമയായതുകൊണ്ടാണ്. വെറും രാഷ്ട്രീയത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് അദ്ദേഹം പറഞ്ഞു.

ഗൗറിന്റെ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയത്. നിഷ്‌കളങ്കരായ മുസ്‌ലിം യുവാക്കളുടെ ജീവിതത്തെ അപകടത്തിലാക്കുന്ന പരാമര്‍ശമാണിതെന്നും നിരവധിപേര്‍ ചൂണ്ടിക്കാട്ടി.

''ഹിന്ദുക്കളെ ധ്രുവീകരിക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇത് ആളുകളില്‍ ഭയം നിറയ്ക്കുകയാണ്. ഒരു സമുദായത്തെ മുഴുവന്‍ ക്രിമിനലുകളായി ചിത്രീകരിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. ആദ്യം അവര്‍ ലൗജിഹാദിനെക്കുറിച്ച് സംസാരിച്ചു. പിന്നീട് ലാന്‍ഡ് ജിഹാദിലേക്ക് എത്തി. പിന്നെ യുപിഎസ് സി ജിഹാദായി. ആളുകളില്‍ ഭയം നിറച്ച് വിഭജിക്കാനാണ് ഇവരുടെ ശ്രമം'' ആക്ടിവിസ്റ്റ് ഷബ്‌ന അന്‍സാരി പറഞ്ഞു. രാഷ്ട്രീയ പ്രസംഗങ്ങളില്‍ ജിഹാദികളെന്ന് മുദ്രകുത്തിയുള്ള പ്രസ്താവനകള്‍ സര്‍വ സാധാരണമായിട്ടുണ്ടെന്നും ഷബ്‌ന പറഞ്ഞു.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News