ആര്യൻ ഖാന് അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധം; 11 വരെ കസ്റ്റഡിയിൽ വേണമെന്ന് എൻ.സി.ബി

ലഹരി മരുന്ന് വിതരണക്കാരുമായി ബന്ധമില്ലെന്ന് ആര്യന്‍ കോടതിയില്‍

Update: 2021-10-04 11:37 GMT

മുംബൈയിൽ ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസിൽ അറസ്റ്റിലായ ആര്യൻ ഖാനെ കോടതിയിൽ ഹാജരാക്കി. ആര്യന്റെ ഫോണിൽ നിന്നും നിർണായകമായ സന്ദേശങ്ങളാണ് ലഭിച്ചതെന്ന് എന്‍.സി.ബി കോടതിയെ അറിയിച്ചു. രാജ്യാന്തര ലഹരി റാക്കറ്റുമായി ബന്ധപ്പെടുന്ന സന്ദേശങ്ങളാണ് ലഭിച്ചതെന്നും എന്‍.സി.ബി വ്യക്തമാക്കി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ആര്യനെ ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ വേണമെന്നും എൻ.സി.ബി കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം, ലഹരി മരുന്ന് വിതരണക്കാരുമായി ബന്ധമില്ലെന്നും തന്റെ ബാഗിൽ നിന്നും മയക്കുമരുന്നൊന്നും കണ്ടെത്തിയിട്ടില്ലെന്നും ആര്യന്‍ ഖാന്‍ കോടതിയെ അറിയിച്ചു. താന്‍ പഠനത്തിനായാണ് വിദേശത്ത് പോയതെന്നും ക്രൂസ് കപ്പലിലെ അതിഥിയായാണ് ക്ഷണിച്ചതെന്നുമാണ് ആര്യന്‍റെ വിശദീകരണം.  

Advertising
Advertising

ആര്യൻ ഖാന് ലഹരി കൈമാറിയെന്ന് സംശയിക്കുന്ന സുഹൃത്ത് ശ്രേയസ് നായരെ എൻ.സി.ബി കസ്റ്റഡിയിലെടുത്തിരുന്നു. ആര്യൻ ഖാൻ നാല് വർഷമായി ലഹരിവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നാണ് നാർക്കോട്ടിക് കണ്‍ട്രോൾ ബ്യൂറോയുടെ കണ്ടെത്തല്‍. 13 ഗ്രാം കൊക്കെയ്​നും 21 ഗ്രാം ചരസും 22 എം.ഡി.എം.എ ഗുളികകളും അഞ്ച് ഗ്രാം എം.ഡിയുമാണ് ആഡംബര കപ്പലില്‍ നിന്ന് എന്‍.സി.ബി പിടിച്ചെടുത്തത്. 1.33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി എൻ.സി.ബി കോടതിയെ അറിയിച്ചിരുന്നു. 

ആര്യൻ ഖാന്‍റെ ലെൻസ്​ കെയ്സില്‍ നിന്നാണ്​ മയക്കുമരുന്ന്​ കണ്ടെത്തിയതെന്ന് എൻ.സി.ബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. കേസിലെ മറ്റു പ്രതികളുടെ സാനിറ്ററി പാഡിലും മരുന്ന്​ ബോക്സിലും ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തിരുന്നു. ആര്യനും സുഹൃത്തുക്കളും ലഹരിമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുണ്ടെന്നാണ് എൻ.സി.ബി കോടതിയില്‍ വ്യക്തമാക്കിയത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News