ഡൽഹി കലാപത്തിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടിയെന്ന കേസ്: ഷാറൂഖ് പത്താന് ജാമ്യം

58 മാസം നീണ്ടുനിന്ന തടവുജീവിതത്തിന് ശേഷം 15 ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്.

Update: 2025-03-08 02:45 GMT

ന്യൂഡല്‍ഹി: പൗരത്വപ്രക്ഷോഭകര്‍ക്ക് നേരെ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ അഴിച്ചുവിട്ട വംശീയ ആക്രമണത്തിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടിയ കേസില്‍ അറസ്റ്റിലായ ഷാറൂഖ് പത്താന് ജാമ്യം. 58 മാസം നീണ്ടുനിന്ന തടവുജീവിതത്തിന് ശേഷം 15 ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്.

കർക്കർദൂമ ജില്ലാ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്പായ് ആണ് ഷാറൂഖിന് ജാമ്യം അനുവദിച്ചത്.

2020 ഫെബ്രുവരിയിൽ വടക്കൻ ഡൽഹിയിൽ നടന്ന കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടുന്ന ഷാറൂഖ് പത്താന്റെ വീഡിയോയും ചിത്രവും വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ ഷാറൂഖ് പത്താന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു.

Advertising
Advertising

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ അഭിഭാഷകരായ ഖാലിദ് അക്തറും അഭിഭാഷകൻ അബ്ദുല്ല അക്തറും ഇടക്കാല ജാമ്യത്തിനായി വാദിച്ചത്.

അതേസമയം ഹ്രസ്വകാലത്തേക്ക് പോലുമുള്ള പത്താന്റെ മോചനം, കേസിന്റെ നടപടികളെ ബാധിക്കുമെന്ന് ജാമ്യാപേക്ഷ എതിര്‍ത്ത് പ്രോസിക്യൂഷൻ വാദിച്ചു. ഇരുവാദവും കേട്ട കോടതി, ഉപാധികളോടെ പതിനഞ്ച് ദിവസത്തേക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കുകയോ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. തന്റെ ലൊക്കേഷന്‍ വിവരങ്ങളടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും വേണം.

2020 ഫെബ്രുവരിയില്‍ വടക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തപ്പെട്ട നിരവധി പ്രതികളില്‍ ഒരാളാണ് പത്താന്‍. 2020 ഏപ്രില്‍ മുതല്‍ അദ്ദേഹം ജയിലിലാണ്.   രാജ്യത്തെ നടുക്കി തലസ്ഥാനനഗരിയുടെ വടക്കുകിഴക്കൻ മേഖലകളിൽ 2020 ഫെബ്രുവരി 24ന് പൊട്ടിപ്പുറപ്പെട്ട വർഗീയ അതിക്രമങ്ങൾക്കിടയിലാണ് സംഭവം.

അന്നുച്ചക്ക് ഒന്നേ മുക്കാലോടെ കൈകളിൽ തോക്കുമായി വന്ന ഷാറൂഖ് ജനക്കൂട്ടത്തിനുനേരെ മൂന്നുവട്ടം നിറയൊഴിച്ചുവെന്നാണ് ഹെഡ്കോൺസ്​റ്റബിൾ ദീപക് ദഹിയ നൽകിയ പരാതി. എന്നാല്‍ പിന്നീടുള്ള അഭിമുഖങ്ങളിലും മറ്റും ഷാറൂഖ് പത്താന്‍ നിറയൊഴിച്ചില്ലെന്നും ദീപക് ദഹിയ പറയുന്നുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News