ഭോപ്പാൽ: മധ്യപ്രദേശ് സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലായതിൻ്റെ പേരിൽ യുവാവിന് ക്രൂരമായ പീഡനം. മധ്യപ്രദേശിലെ ഭോപ്പാലിൽ 18 വയസുകാരനമായ സോനുവിനെയാണ് രാജസ്ഥാനിലെ ജലവാർ ജില്ലയിൽ വെച്ച് തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം ബന്ദിയാക്കിയത്. ആക്രമണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. സോനുവിനെ നിരവധിപേർ ചേർന്ന് നിഷ്കരുണം മർദിക്കുന്നതും, ബിയർ കുപ്പിയിലാക്കിയ മൂത്രം കുടിപ്പിക്കാൻ നിർബന്ധിക്കുന്നതും വീഡിയോയിൽ കാണാം.
ജലവാർ ജില്ലയിലെ പുലോറോ ഗ്രാമത്തിൽ നിന്നുള്ള ഒരു യുവതിയുമായി സോനു പ്രണയത്തിലായിരുന്നു. 15 ദിവസം മുമ്പ്, യുവതി വീട് വിട്ട് ഭോപ്പാലിലേക്ക് വരികയും ഇയാൾക്കൊപ്പം താമസം തുടങ്ങുകയും ചെയ്തു. പിന്നീട്, കുടുംബം ഇടപെടുകയും അവരെ രാജസ്ഥാനിലേക്ക് മടക്കിക്കൊണ്ടുവരികയുമായിരുന്നു.
അതിനിടെ സോനുവിന് യുവതിയിൽ നിന്ന് ഒരു കോൾ ലഭിക്കുകയും, തന്നെ കാണാൻ രാജസ്ഥാനിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു.ഇതേ തുടർന്ന് ഇയാൾ പുലോറോ ഗ്രാമത്തിലേക്ക് പോവുകയായിരുന്നു.
ഗ്രാമത്തിലെത്തിയ ഉടനെ യുവതിയുടെ വീട്ടുകാർ ഇയാളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് മണിക്കൂറുകളോളം തുടർച്ചയായ അക്രമിച്ചു. ഇയാളെ മണിക്കൂറുകളോളം ക്രൂരമായി മർദിക്കുകയും, ചവിട്ടുകയും, ഇടിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറയുന്നു. ശാരീരിക പീഡനത്തിനത്തിനൊപ്പം അപമാനിക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയായിരുന്നു. ക്രൂരതയുടെ മുഴുവൻ ദൃശ്യങ്ങളും വീഡിയോയിൽ പകർത്തി.
വീഡിയോ പിന്നീട് ഭോപ്പാലിലെ സോനുവിന്റെ കുടുംബത്തിന് അയച്ചുകൊടുത്തു. കുടുംബം കോലാർ പൊലീസിനെ സമീപിക്കുകയായിരുന്നു.
ഒരു പ്രത്യേക പൊലീസ് സംഘത്തെ അന്വേഷണത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു. രാജസ്ഥാൻ പൊലീസുമായി നിരന്തരം ഏകോപനത്തിലാണ്. ഇരയുടെ മൊഴി റെക്കോർഡ് ചെയ്യുകയും വീഡിയോ പരിശോധിക്കുകയും ചെയ്യുന്നു. കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇൻസ്പെക്ടർ പറഞ്ഞു. ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതർ. തട്ടിക്കൊണ്ടുപോകൽ, നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ, മനുഷ്യത്വരഹിതമായ പ്രവൃത്തികൾ എന്നിവയുമായി ബന്ധപ്പെട്ട ഒന്നിലധികം വകുപ്പുകൾ പ്രകാരം കേസുകൾ ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.