ശരദ് പവാറിന്റെ വിരുന്നിൽ നിതിൻ ഗഡ്കരി; രാഷ്ട്രീയവൃത്തങ്ങളിൽ കൗതുകം

ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും പവാറിന്റെ വസതിയിലെത്തി

Update: 2022-04-07 05:41 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: തലസ്ഥാനത്ത് എൻസിപി അധ്യക്ഷൻ ശരദ് പവാർ സംഘടിപ്പിച്ച വിരുന്നിൽ മുതിർന്ന ബിജെപി നേതാവും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയുമായ നിതിൻ ഗഡ്കരി പങ്കെടുത്തത് കൗതുകമായി. മഹാരാഷ്ട്രയിലെ എംഎൽഎമാർക്കായി ഒരുക്കിയ വിരുന്നിലാണ് ഗഡ്കരി പങ്കെടുത്തത്. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും പവാറിന്റെ ജൻപത് ആറിലെ വസതിയിലെത്തി.

ഭവന പുനർനിർമാണ തട്ടിപ്പു കേസിൽ സഞ്ജയ് റാവത്തുമായി ബന്ധപ്പെട്ട 11.5 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടു കെട്ടിയ ദിവസമാണ് ഗഡ്കരിയും പവാറും ശിവസേനാ നേതാവും ഒരുമിച്ചത്.

അതിനിടെ, നരേന്ദ്രമോദി മന്ത്രിസഭയിലും ബിജെപി ഉന്നത നേതൃത്വത്തിലും കടുത്ത ഉൾപ്പോരെന്ന് മഹാരാഷ്ട്ര ആസ്ഥാനമായ ലോക്മത് ടൈംസ് റിപ്പോർട്ടു ചെയ്തു. മന്ത്രിയുടെ പേരു വെളിപ്പെടുത്താതെയാണ് പത്രം വാർത്ത പുറത്തുവിട്ടത്. ഫ്രീ പ്രസ് ജേണൽ അടക്കമുള്ള മാധ്യമങ്ങൾ പത്രത്തെ ഉദ്ധരിച്ച് വാർത്ത പ്രസിദ്ധീകരിച്ചു.

വിവിധ സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട കാബിനറ്റ് യോഗത്തിലെ പ്രസന്റേഷനിൽ പ്രധാനമന്ത്രിയും ഒരു മുതിർന്ന മന്ത്രിയും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായതായി ലോക്മത് ടൈംസ് പറയുന്നു. ഒരു വിഷയത്തിൽ മന്ത്രി പ്രസന്റേഷൻ അവതരിപ്പിക്കുന്നതിനിടെ മോദി ഇടപെട്ട് ചുരുക്കാൻ ആവശ്യപ്പെട്ടു. ഈ വേളയിൽ മന്ത്രി കുപിതനായി. 'നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ മന്ത്രിസഭയിൽനിന്ന് എന്നെ പുറത്താക്കൂ' എന്ന് വെല്ലുവിളിക്കുകയും ചെയ്തു.- റിപ്പോർട്ട് അവകാശപ്പെട്ടു. 




തനിക്ക് സർക്കാറിനെ പിളർത്താനുള്ള ശേഷിയുണ്ട്. എന്നാൽ പാർട്ടി തത്വശാസ്ത്രത്തിലുള്ള വിശ്വാസം മൂലം അതു ചെയ്യുന്നില്ല. തന്റെ കൂടെ 252 എംപിമാരുണ്ട് എന്നും മന്ത്രി അവകാശപ്പെട്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കുമിടയിൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്നും ലോക്മത് ടൈംസ് അവകാശപ്പെടുന്നു.

പുകഴ്ത്തി സംസാരിക്കുന്നത് മോദിക്ക് ഇഷ്ടമാണെന്നും ചേംബറിലിരിക്കുന്ന വേളയിൽ ആരെല്ലാം തനിക്കു കൈയിടച്ചു എന്ന് പ്രധാനമന്ത്രി നോക്കാറുണ്ടെന്നും മന്ത്രി പറയുന്നു.

'രാജ്നാഥിന്റെ മകനെ മോദി തടഞ്ഞു'

ഉത്തർപ്രദേശിലെ യോഗി മന്ത്രിസഭയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മകൻ പങ്കജ് സിങ്ങിനെ ഉൾപ്പെടുത്തുന്നതിന് മോദി തടയിട്ടു എന്ന് ഈ മന്ത്രി പറയുന്നു. നേരത്തെ മോദിയെ എതിർത്തിരുന്ന രാജ്‌നാഥ് ഇപ്പോൾ പ്രധാനമന്ത്രിക്കു കീഴടങ്ങിയിട്ടുണ്ട്. ആദായ നികുതി, ഇഡി, സിബിഐ തുടങ്ങിയ സ്ഥാപനങ്ങൾ മോദി പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണ്- മന്ത്രി ആരോപിക്കുന്നു. 'ഒരിക്കൽ ഞാൻ മോദിയുടെ ഈ നയത്തെ എതിർത്തു. എന്നാൽ ഈ നയത്തിലൂടെ മാത്രമാണ് മുഖ്യമന്ത്രി പദത്തിൽ നിന്ന് താൻ പ്രധാനമന്ത്രി പദത്തിലെത്തിയത് എന്നായിരുന്നു മോദിയുടെ ഉത്തരം'- അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിലും സർക്കാറിലും നരേന്ദ്രമോദിയുടെ അപ്രമാദിത്വം തുടരുന്നതിനിടെയാണ് അകത്ത് അസ്വാരസ്യങ്ങൾ പുകയുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഗുജറാത്തിൽ നിന്നുള്ള രണ്ടു പേരാണ് പാർട്ടിയെ നയിക്കുന്നത് എന്ന ആരോപണം ബിജെപിക്കകത്ത് നേരത്തെയുണ്ട്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News