പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി പ്രതിപക്ഷ നിരയിൽ ഭിന്നത; ചർച്ച ചെയ്യാൻ വേറെയും വിഷയങ്ങളുണ്ടെന്ന് ശരത് പവാർ

നേരത്തെ അദാനി ഗ്രൂപ്പിനെതിരായി ജെ.പി.സി അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെയും ശരത് പവാർ തള്ളിക്കളഞ്ഞിരുന്നു

Update: 2023-04-10 07:35 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി പ്രതിപക്ഷ നിരയിൽ ഭിന്നത. വിദ്യാഭ്യാസ യോഗ്യത ചർച്ചയാക്കുന്നതിനെതിരെ എൻസിപിയും ആർഎൽഡിയും രംഗത്തെത്തി. ഒരാളുടെ വിദ്യാഭ്യാസ യോഗ്യത രാഷ്ട്രീയ വിഷയം ആകുന്നത് എങ്ങനെ എന്ന്എൻസിപി അധ്യക്ഷൻ ശരദ് പവാർ ചോദിച്ചു. 'ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെവിഷയങ്ങൾ ചർച്ച ചെയ്യാനുണ്ട്. ജനങ്ങൾ തൊഴിലില്ലായ്മ, ക്രമസമാധാനം, വിലക്കയറ്റം എന്നിവയാൽ നട്ടം തിരിയുകയാണ്. അതിനിടയിൽ ആരുടെയെങ്കിലും വിദ്യാഭ്യാസ ബിരുദം രാജ്യത്ത് ഒരു രാഷ്ട്രീയ പ്രശ്‌നമാക്കണോ? ഇന്ന് മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങൾക്കിടയിൽ ഭിന്നതകൾ സൃഷ്ടിക്കപ്പെടുകയാണ്. മഹാരാഷ്ട്രയിൽ കാലവർഷക്കെടുതിയിൽ കൃഷി നശിച്ചു. ഈ വിഷയങ്ങളിലൊക്കെ ചർച്ചകൾ ആവശ്യമാണ്, ''ശരത് പവാറിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പ്രചരണം ഉപരിവർഗ ചിന്താഗതി ആണെന്നായിരുന്നു ഉത്തർപ്രദേശിലെ സാമുദായിക നേതാവും ആർഎൽഡി നേതാവുമായ ജയന്ത് സിൻഹയുടെ പ്രതികരണം. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിലെ എൻസിപിയുടെ നിലപാട് ഉദ്ധവ് പക്ഷ ശിവസേനയ്ക്ക് ആണ് തിരിച്ചടി ആയിരിക്കുന്നത്. 

അതേസമയം, പ്രതിപക്ഷ നേതാക്കളായ ഉദ്ധവ് താക്കറെയും അരവിന്ദ് കെജ്‍രിവാളും ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ഞങ്ങളുടെ പ്രധാനമന്ത്രി എത്ര വിദ്യാഭ്യാസമുള്ളവനാണെന്ന് അറിയാൻ പോലും രാജ്യത്തിന് അവകാശമില്ലേ? എന്നായിരുന്നു കെജ്‍രിവാൾ ചോദിച്ചത്. പ്രധാനമന്ത്രിയുടെ ബിരുദങ്ങൾ സംബന്ധിച്ച വിവരാവകാശ ഹരജിയിൽ ഗുജറാത്ത് ഹൈക്കോടതി 25,000 രൂപ പിഴയായിരുന്നു കെജ്‍രിവാളിന് ചുമത്തിയത്. പ്രധാനമന്ത്രി അവിടെ പഠിച്ചുവെന്ന് അഭിമാനിക്കാൻ ഒരു കോളേജ് ആഗ്രഹിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാണ് താക്കറെ ഈ വിഷയത്തിൽ പ്രതികരിച്ചത്.

നേരത്തെ അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പേരിൽ ജെ.പി.സി അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളെയും ശരത് പവാർ തള്ളിക്കളഞ്ഞിരുന്നു.അതിന് പിന്നാലെയാണ് മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിലും പ്രതിപക്ഷത്തെ തള്ളിക്കൊണ്ട് പവാർ രംഗത്തെത്തിയത്.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News