പ്രധാനമന്ത്രി മോദിയെയും അമിത് ഷായെയും കാണാൻ ശരദ് പവാർ

ഇ.ഡി കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‍മുഖ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് എൻ.സി.പി തലവന്റെ നീക്കം

Update: 2022-12-29 10:12 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്താൻ എൻ.സി.പി തലവൻ ശരദ് പവാർ. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നത്. സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായിരുന്ന മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‍മുഖ് ജാമ്യത്തിൽ പുറത്തിറങ്ങിയതിനു പിന്നാലെയാണ് നീക്കം.

ദേശ്‍മുഖിന്റെയും ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെയും അറസ്റ്റുകൾ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന അധികാര ദുർവിനിയോഗത്തിന്റെ തെൡവുകളാണെന്ന് പവാർ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ ഏജൻസികളെ എങ്ങനെ ദുരുപയോഗപ്പെടുത്താമെന്നതിന്റെ ഏറ്റവും മികച്ച തെളിവുകളാണവ. ദേശ്‍മുഖിനെതിരെ തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയതാണ്. നൂറുകോടിയുടെ തട്ടിപ്പായിരുന്നു ആരോപണം. എന്നാൽ, കുറ്റപത്രത്തിൽ അത് ഒരു കോടിയായി കുറഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടിയ കാര്യം ശരദ് പവാർ സൂചിപ്പിച്ചു.

അതുകൊണ്ടുതന്നെ അധികാരദുർവിനിയോഗമാണ് നടക്കുന്നതെന്ന് വ്യക്തമാണ്. ഉത്തരവാദിത്തബോധവും സംസ്‌കാരവുമുള്ളൊരാളെയാണ് 13 മാസത്തോളം ജയിലിലിട്ടത്. ഒടുവിൽ ഇപ്പോൾ അദ്ദേഹത്തിന് കോടതി നീതി നൽകിയിരിക്കുന്നു. ഇത്തരം സാഹചര്യം സൃഷ്ടിച്ചവരെക്കുറിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആലോചിക്കണമെന്നും പവാർ ആവശ്യപ്പെട്ടു.

ഭാവിയിൽ ഇത്തരം അധികാര ദുർവിനിയോഗം ആവർത്തിക്കുന്നത് തടയാനായി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കാണുമെന്നും അദ്ദേഹം അറിയിച്ചു. ദേശ്മുഖിനെതിരായ കേസിന്റെ ഭാഗമായ അന്വേഷണ ഏജൻസികളെക്കുറിച്ചു കൂടി വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും മോദിയെയും അമിത് ഷായെയും കാണുക. സാമ്പത്തിക തട്ടിപ്പ് തടയൽ നിയമത്തിൽ വേണ്ട തിരുത്തലുകൾ ആലോചിച്ച് പാർലമെന്റിൽ അവതരിപ്പിക്കുമെന്നും എൻ.സി.പി തലവൻ അറിയിച്ചു.

Summary: NCP leader Sharad Pawar plans to meet PM Narendra Modi and Amit Shah over 'misuse of power' by investigating agencies

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News