ജീവിത പങ്കാളി മധു സാഹു കൊന്ന അവതാരക സൽമ സുൽത്താനയുടെ ശരീരാവശിഷ്ടം അഞ്ച് വർഷത്തിന് ശേഷം കണ്ടെത്തി

2018 ഒക്‌ടോബറിൽ മധു സാഹുവും സഹായികളും ചേർന്ന് സൽമയെ കൊലപ്പെടുത്തുകയും വിജനമായ സ്ഥലത്ത് കുഴിച്ചിടുകയുമായിരുന്നു, ഇവിടെ പിന്നീട് ദേശീയ ഹൈവേയായി

Update: 2023-08-24 11:00 GMT

ചത്തിസ്ഗഢ്: ജീവിത പങ്കാളി മധു സാഹുവും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയ വാർത്താ അവതാരക സൽമ സുൽത്താനയുടെ ശരീരാവശിഷ്ടം അഞ്ച് വർഷത്തിന് ശേഷം കണ്ടെത്തി. ചത്തിസ്ഗഢിലെ കൊബ്ര സിറ്റിയിലെ ദേശീയ ഹൈവേയിൽ 11 മണിക്കൂർ അന്വേഷണം നടത്തിയാണ് ശരീരാവശിഷ്ടം കണ്ടെത്തിയത്. ചത്തിസ്ഗഢിലെ പ്രാദേശിക ചാനലിൽ വാർത്താ അവതാരകയായി ജോലി ചെയ്യുകയായിരുന്നു സൽമ സുൽത്താന ലഷ്‌കർ.

Advertising
Advertising

2018 ഒക്‌ടോബറിൽ ജിം ഇൻസ്ട്രക്‌റായ ജീവിത പങ്കാളി മധു സാഹു (37) വും രണ്ട് സഹായികളും ചേർന്ന് സൽമയെ കൊലപ്പെടുത്തുകയും വിജനമായ സ്ഥലത്ത് കുഴിച്ചിടുകയുമായിരുന്നു. പിന്നീട് ദേശീയ ഹൈവേയായ ഈ സ്ഥലത്ത് എട്ട് മീറ്റർ താഴ്ചയിലാണ് സൽമയുടെ മൃതദേഹം കണ്ടത്. കാലുകൾ കൂട്ടിക്കെട്ടി ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിൽ നിന്ന് ഡിഎൻഎ സാംപിൾ ശേഖരിച്ചതായും അമ്മയുടെയും സഹോദരങ്ങളുടെയും സാംപിൾ ശേഖരിച്ച് പരിശോധന നടത്തുമെന്നും കൊബ്ര ജില്ല പൊലീസ് സൂപ്രണ്ട് ഉദയ് കിരൺ വ്യക്തമാക്കി.

മൃതദേഹം അടക്കം ചെയ്ത കൃത്യസ്ഥലം കണ്ടെത്താനും ദേശീയ ഹൈവേയിലെ കുഴിയെടുക്കുന്നതിലെ നഷ്ടം കുറയ്ക്കാനുമായി എൻഐടി റായ്പൂർ നൽകിയ സാറ്റലൈറ്റ് ഇമേജും ഗ്രൗണ്ട് പെനട്രേഷൻ റഡാർ സാങ്കേതികവിദ്യയും ഉപയോഗിച്ചതായി പൊലീസ് അറിയിച്ചു. ഗൂഗ്ൾ എർത്ത് സൗകര്യവും ഉപയോഗിച്ചതായും പറഞ്ഞു.

 

കേസിൽ അറസ്റ്റിലായ മധൂർ സാഹുവുമായി 2018ലാണ് സൽമ പരിചയത്തിലാകുന്നത്. തുടർന്ന് പ്രണയത്തിലായ ഇരുവരും കൊബ്ര നഗരത്തിലെ ഫ്‌ളാറ്റിൽ താമസിച്ചുവരികയായിരുന്നു. ഇരുവരും പരസ്പരം സംശയിച്ചിരുന്നതായും സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായുമാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. 2018 ഒക്‌ടോബർ 21ന്‌ സൽമയുമായി കലഹിച്ച സാഹു സുഹൃത്ത് കൗശൽ ശ്രീനിവാസി(29) നെ വിളിച്ചുവരുത്തി. തുടർന്ന് ഇയാളുടെ സഹായത്തോടെ സാഹു സൽമയുടെ കഴുത്ത് ഞെരിച്ച് കൊന്നതായും പൊലീസ് അറിയിച്ചു. ശേഷം മറ്റൊരു സുഹൃത്ത് അതുൽ ശർമയെ (26) വിളിച്ച് മൃതദേഹം കൊഹാഡിയ പാലത്തിനടത്ത് കുഴിച്ചിട്ടതായും പറഞ്ഞു. ഒരു വർഷത്തിന് ശേഷമാണ് പ്രദേശത്ത് ദേശീയ ഹൈവേ പ്രവൃത്തി തുടങ്ങിയത്.

The skeleton of news anchor Salma Sultana, who was killed by her partner Madhu Sahu and his accomplices, has been found after five years.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News