'സോഫ്റ്റ്‌വെയര്‍ എഞ്ചിനീയർമാർ വിളിക്കേണ്ട'; വല്ലാത്തജാതി കല്ല്യാണ പരസ്യം

പരസ്യം കേരളത്തില്‍ നിന്നുള്ള ഏതോ ഒരു യുവതി നല്‍കിയതാണെന്നാണ് സൂചന.

Update: 2022-09-20 14:28 GMT
Advertising

മാട്രിമോണി സൈറ്റുകളിലൂടെ ഉൾപ്പെടെ ഓൺലൈൻ വിവാഹാലോചനകൾ വ്യാപകമായ ഇക്കാലത്തും ജാതിയും മതവും വിവിധ മേഖലകളിലെ താൽപര്യങ്ങളും പറഞ്ഞ് പലരും പത്രങ്ങളിൽ നൽകുന്ന കല്യാണ പരസ്യങ്ങളും നാം നിരവധി കണ്ടിട്ടുണ്ട്. എന്നാൽ അവയിൽ നിന്നൊക്കെ വ്യത്യസ്തമായൊരു കല്യാണ പരസ്യമാണ് ഇപ്പോൾ വൈറൽ. 24കാരിയായ യുവതിയാണ് വരനെ തേടുന്നത്.

സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ ആരും കല്യാണ ആലോചനയുമായി വിളിക്കേണ്ട എന്നാണ് പരസ്യത്തിലെ പ്രധാന നിർദേശം. ഐ.എ.എസുകാര്‍ക്കും ഐ.പി.എസുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമൊക്കെ വിളിക്കാം എന്നും പരസ്യത്തില്‍ പറയുന്നു. പരസ്യം കേരളത്തില്‍ നിന്നുള്ള ഏതോ ഒരു യുവതി നല്‍കിയതാണെന്നാണ് സൂചന.

പരസ്യത്തിലെ വാചകങ്ങള്‍ ഇങ്ങനെ- ''വരനെ ആവശ്യമുണ്ട്: ഹിന്ദു- പിള്ള, 24 വയസ്. 155 സെ.മീ പൊക്കം. എം.ബി.എ. ധനിക കുടുംബത്തില്‍ നിന്നുള്ള സുന്ദരി. ഐ.എ.എസ്/ ഐ.പി.എസ്, പി.ജി ഡോക്ടര്‍, ബിസിനസുകാരന്‍ എന്നീ മേഖലകളിലെ സമാന ജാതിക്കാരായ യുവാക്കളെ തേടുന്നു. (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ വിളിക്കേണ്ടതില്ല)''.

പരസ്യം പങ്കുവച്ച് ഇതിനോട് പ്രതികരിച്ച് നിരവധി പേരാണ് ട്വിറ്ററിലൂടെ രം​ഗത്തെത്തിയിരിക്കുന്നത്. "വിഷമിക്കേണ്ട. എഞ്ചിനീയർമാർ പത്രപരസ്യങ്ങളെ ആശ്രയിക്കാറില്ല. അവരെല്ലാം സ്വന്തമായി വധുവിനെ കണ്ടെത്തുന്നവരാണ്"- എന്നാണ് ഒരു വ്യക്തി പ്രതികരിച്ചത്.

"ഇക്കാലത്ത് സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ എല്ലാം ഓൺലൈനിൽ തിരയുന്നവരാണ് (വധു ഉൾപ്പെടെ). അതിനാൽ ഈ പരസ്യം അവരെ ബാധിക്കില്ല. അവർ പത്രപരസ്യം നോക്കില്ല"- എന്നാണ് മറ്റൊരു ട്വീറ്റ്. "ഐടിക്കാരുടെ ഭാവി അത്ര ശുഭകരമല്ല" എന്നാണ് മറ്റൊരു ട്രോൾ. "മെക്കാനിക്കൽ എഞ്ചിനീയർമാർക്ക് വിളിക്കാമോ" എന്നാണ് മറ്റൊരാളുടെ ചോദ്യം.

നേരത്തെയും ഇത്തരത്തിൽ വിചിത്രമായ വിവാഹ പരസ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. "കള്ള് കുടിക്കാത്ത പെണ്ണിനെ വേണം. വേണെങ്കില്‍ ജീന്‍സ് ധരിക്കാം. പക്ഷേ പുറത്തിറങ്ങുമ്പോള്‍ തന്റെ ജാതിയെ ബഹുമാനിക്കണം"- എന്നായിരുന്നു ഒരു യുവാവിന്റെ വിവാഹ പരസ്യം. "തന്നെ കണ്ടാല്‍ 40 വയസേ തോന്നൂ" എന്ന് അവകാശപ്പെട്ട് 48കാരനായ മറ്റൊരാൾ നൽകിയ വിവാഹ പരസ്യത്തിൽ "സ്ത്രീധനം വേണ്ടെന്നും പറഞ്ഞിരുന്നു. പെണ്ണിന് ഒരു സഹോദരനും സഹോദരിയും നിര്‍ബന്ധമാണെന്ന കല്യാണ പരസ്യവും ഇടയ്ക്ക് പുറത്തുവന്നിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News