രണ്ടാം വിവാഹനീക്കം എതിർത്തു; ഗുജറാത്തിൽ മകനെ വെടിവച്ച് കൊന്ന് 76കാരനായ പിതാവ്
രണ്ട് തവണ വെടിയേറ്റ പ്രതാപ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
രാജ്കോട്ട്: രണ്ടാം വിവാഹനീക്കം എതിർത്തതിന് മകനെ വെടിവച്ച് കൊന്ന് 76കാരനായ പിതാവ്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ജസ്ദൻ സ്വദേശിയായ റാംഭായ് എന്ന രാംകുഭായ് ബോറിച്ചയാണ് 52കാരനായ മകൻ പ്രതാപ് ബോറിച്ചയെ വെടിവച്ച് കൊന്നത്.
രണ്ടാം വിവാഹം കഴിക്കാനുള്ള പിതാവിന്റെ തീരുമാനത്തെചൊല്ലി ഞായറാഴ്ച രാവിലെ 10 മണിയോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. പ്രകോപിതനായ ബോറിച്ച ഉടൻ തോക്കെടുത്ത് മകനു നേരെ നിറയൊഴിക്കുകയായിരുന്നു.
രണ്ട് തവണ വെടിയേറ്റ പ്രതാപ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. കുറ്റകൃത്യത്തിന് ശേഷം ഇയാൾ അടുത്തുണ്ടായിരുന്നു കസേരയിൽ യാതൊരു കൂസലുമില്ലാതെ ഇരുന്നെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
കൊലപാതകത്തിൽ, പ്രതാപിന്റെ ഭാര്യ ജയയാണ് ബോറിച്ചയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അതേദിവസം തന്നെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ആദ്യം, ഭൂമി തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് അധികൃതർ സംശയിച്ചിരുന്നു. എന്നാൽ, രണ്ട് പതിറ്റാണ്ട് മുമ്പ് ഭാര്യ മരിച്ചതിനെത്തുടർന്ന് പുനർവിവാഹം കഴിക്കാനുള്ള റാംഭായിയുടെ ആഗ്രഹമാണ് സംഘർഷത്തിന് കാരണമെന്ന് വിശദമായ അന്വേഷണത്തിൽ വ്യക്തമാവുകയായിരുന്നു. മകനെയും കുടുംബത്തെയും ഉപദ്രവിക്കുമെന്ന് റാംഭായി മുമ്പ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.