'ശബ്ദം മാത്രമല്ല നഷ്ടപ്പെട്ടത്, മൂല്യങ്ങളും അടിയറവ് വെച്ചു'- ഗസ്സ, ഇറാൻ വിഷയത്തിൽ കേന്ദ്രത്തിന്റെ മൗനത്തെ വിമർശിച്ച് സോണിയ ഗാന്ധി

'ദ ഹിന്ദു'വിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സോണിയ ഗാന്ധിയുടെ പരാമർശം

Update: 2025-06-21 09:00 GMT

ന്യൂഡൽഹി: ഗസ്സയിലെ യുദ്ധത്തിലും ഇറാനെതിരായ അനാവശ്യ ആക്രമണങ്ങളിലും ഇസ്രയേലിനെതിരെ ഇന്ത്യ സ്വീകരിക്കുന്ന മൗനം രാജ്യത്തിന്റെ ധാർമികവും നയതന്ത്രപരവുമായ പാരമ്പര്യങ്ങളിൽ നിന്നുള്ള വലിയ വ്യതിയാനമാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി. 'ദ ഹിന്ദു'വിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സോണിയ ഗാന്ധിയുടെ പ്രസ്താവന. ഗസ്സയിലെ മാനുഷിക പ്രതിസന്ധിയിലും ഇറാനെതിരായ ഇസ്രായേലിന്റെ സൈനിക നടപടികളിലും ഇന്ത്യയുടെ നിശബ്ദതയെ സോണിയ ഗാന്ധി നിശിതമായി വിമർശിച്ചു. 'ശബ്ദം മാത്രമല്ല നഷ്ടപ്പെട്ടത്, മൂല്യങ്ങളും അടിയറവ് വെച്ചു' സോണിയ ഗാന്ധി എഴുതി.

Advertising
Advertising

ജൂൺ 13-ന് ഇറാന്റെ പരമാധികാരം ലംഘിച്ചുകൊണ്ടുള്ള ഇസ്രായേലിന്റെ സൈനിക ആക്രമണത്തെ 'നിയമവിരുദ്ധം' എന്ന് വിശേഷിപ്പിച്ച സോണിയ ഗാന്ധി ഇന്ത്യയുടെ ദീർഘകാല 'സമാധാനപരമായ ദ്വിരാഷ്ട്ര പരിഹാര' നിലപാട് മോദി സർക്കാർ ഉപേക്ഷിച്ചുവെന്നും ആരോപിച്ചു. ഗസ്സയിലെ യുദ്ധം മനുഷ്യത്വത്തിന്റെ പരീക്ഷണമാണെന്ന് വിശേഷിപ്പിച്ച അവർ ഈ പ്രതിസന്ധിയിൽ ഇന്ത്യ തന്റെ നയതന്ത്ര ശക്തി ഉപയോഗിച്ച് നീതിക്കും സംവാദത്തിനും വേണ്ടി ശക്തമായി നിലകൊള്ളണമെന്ന് ആഹ്വാനം ചെയ്തു.

ഇറാനുമായുള്ള ഇന്ത്യയുടെ ദീർഘകാല നയതന്ത്ര ബന്ധങ്ങൾ കൂടി സോണിയ ഗാന്ധി ഓർമപ്പെടുത്തി. 'ജമ്മു കശ്മീരിൽ ഉൾപ്പെടെ നിർണായക ഘട്ടങ്ങളിൽ ഉറച്ച പിന്തുണ നൽകിയ ചരിത്രമാണ് ഇറാനുള്ളത്. 1994ൽ കശ്മീർ വിഷയത്തിൽ യുഎൻ മനുഷ്യാവകാശ കമ്മീഷനിൽ ഇന്ത്യയെ വിമർശിക്കുന്ന ഒരു പ്രമേയം തടയാൻ ഇറാൻ സഹായിച്ചു. 1965ലും 1971ലും പാകിസ്താനിലേക്ക് ചാഞ്ഞ ഇറാന്റെ ഇംപീരിയൽ സ്റ്റേറ്റിനേക്കാൾ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഇന്ത്യയുമായി വളരെയധികം സഹകരിച്ചിട്ടുണ്ട്.' സോണിയ എഴുതി.

പശ്ചിമേഷ്യയിലെ വിഷയം പരിഹരിക്കുന്നതിന് വേണ്ടി ഇന്ത്യയുടെ ഇടപെടൽ ഇനിയും വൈകിയിട്ടില്ല എന്നും സോണിയ ഗാന്ധി ഓർമിപ്പിച്ചു. 'ഇപ്പോഴും വൈകിയിട്ടില്ല. പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സംഭാഷണത്തിലേക്കുള്ള തിരിച്ചുവരവ് പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യ വ്യക്തമായി സംസാരിക്കുകയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും ലഭ്യമായ എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കുകയും വേണം.' സോണിയ ഗാന്ധി എഴുതി.

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News