സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം, കടകളിൽ കയറി തീവെപ്പ്; അസമിൽ വിഎച്ച്പി, ബജ്രംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ
ജയ് ശ്രീറാം വിളിച്ചായിരുന്നു ഹിന്ദുത്വവാദികൾ സ്കൂളിലും കടകളിലും ആക്രമണം നടത്തിയത്.
ഗുവാഹത്തി: ക്രിസ്മസ് ആഘോഷത്തിനിടെ കടകളിലും സ്കൂളുകളിലും ആക്രമണം നടത്തിയ വിഎച്ച്പി, ബജ്രംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ. അസമിലെ നൽബാരി ജില്ലയിലെ വിവിധയിടങ്ങളിൽ നടന്ന ആക്രമണത്തിലാണ് പൊലീസ് നടപടി. വിഎച്ച്പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്കർ ദേക, ജില്ലാ വൈസ് പ്രസിഡന്റ് മനാഷ് ജ്യോതി പട്ഗിരി, അസി. സെക്രട്ടറി ബിജു ദത്ത, ബജ്രംഗ്ദൾ ജില്ലാ കൺവീനർ നയാൻ തലുക്ദാർ എന്നിവരാണ് അറസ്റ്റിലായത്.
ബൽസർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പനിഗാവ് ഗ്രാമത്തിലെ സ്കൂളിലും നൽബാരി ടൗണിലെ കടകളിലുമാണ് പ്രതികൾ ആക്രമണം നടത്തിയത്. ഇവിടങ്ങളിൽ കടന്നുകയറി ക്രിസ്മസ് ആഘോഷത്തിനായി സജ്ജീകരിച്ചിരിക്കുന്ന അലങ്കാരവസ്തുക്കളുൾപ്പെടെയാണ് പ്രതികൾ നശിപ്പിച്ചത്. ബുധനാഴ്ചയാണ് പനിഗാവിലെ സെന്റ്. മേരീസ് സ്കൂളിൽ അതിക്രമിച്ചുകയറി അലങ്കാരവസ്തുക്കൾക്ക് പ്രതികൾ തീയിട്ടത്.
ജയ് ശ്രീറാം വിളിച്ച് സ്കൂളിലേക്ക് കയറിയ ഹിന്ദുത്വവാദികൾ അധ്യാപകരെയും സ്കൂൾ ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സ്കൂളിൽ അനധികൃതമായി കടന്നുകയറി ആക്രമണം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂളിന് പുറത്തെ അലങ്കാരങ്ങൾ, വിളക്കുകൾ, ചെടിച്ചട്ടികൾ, മറ്റ് വസ്തുക്കൾ എന്നിവ പ്രതികൾ നശിപ്പിച്ചു. ചില വസ്തുക്കൾക്ക് തീയിട്ടു. ഇത് വലിയ നഷ്ടത്തിന് കാരണമായി- ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തിൽ ബെൽസർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂളിലെ ആക്രമണത്തിന് ശേഷം പ്രതികൾ നേരെ പോയത് നൽബാരി ടൗണിലേക്കാണ്. കടകളിൽ കയറിയ പ്രതികൾ ഇവിടെ വിൽക്കാൻ വച്ചിരുന്ന ക്രിസ്മസ് ആഘോഷ സാധനങ്ങൾക്ക് തീയിടുകയായിരുന്നു. അതുകൊണ്ടും തീർന്നില്ല. ടൗണിലെ വിവിധ മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും അതിക്രമിച്ചുകയറിയ വിഎച്ച്പി, ബജ്രംഗ്ദൾ സംഘം ക്രിസ്മസ് അലങ്കാര സാധനങ്ങൾക്ക് തീവയ്ക്കുകയും ചെയ്തു.