കര്‍ഷകര്‍ ഒരു ആഗ്രഹം പറഞ്ഞു; ഭക്ഷണമൊരുക്കി ക്ഷണിച്ച് സോണിയ, വൈറലായി നൃത്തം

ഹരിയാനയില്‍ നിന്നുള്ള കര്‍ഷക സ്ത്രീകളാണ് സോണിയയുടെ വസതിയിലെത്തിയത്

Update: 2023-07-17 02:43 GMT
Advertising

ഡല്‍ഹി: കര്‍ഷക സ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഹരിയാനയില്‍ നിന്നുള്ള കര്‍ഷക സ്ത്രീകള്‍ ക്ഷണം സ്വീകരിച്ചാണ് സോണിയയുടെ ഡല്‍ഹിയിലെ വസതിയിലെത്തിയത്. സോണിയയ്ക്കും പ്രിയങ്കയ്ക്കും രാഹുലിനുമൊപ്പം ഭക്ഷണം കഴിച്ച കര്‍ഷകര്‍ സോണിയക്കൊപ്പം നൃത്തം ചെയ്താണ് മടങ്ങിയത്.

ഹരിയാനയിലെ സോനിപത്തിലെ മദിന ഗ്രാമം സന്ദർശിച്ച രാഹുൽ ഗാന്ധി കർഷകരുമായി സംവദിച്ചിരുന്നു. അപ്പോള്‍ രാഹുൽ ഗാന്ധിയുടെ വീട് കാണണമെന്ന് കർഷക സ്ത്രീകള്‍ ആഗ്രഹം പ്രകടിപ്പിച്ചു. പിന്നാലെയാണ് സോണിയയുടെ വീട്ടിലേക്ക് അവരെ ക്ഷണിച്ചത്.

ജൂലൈ 8നാണ് രാഹുല്‍ മദിനയിലെ വയലുകളിലെത്തിയത്. കര്‍ഷകരോടും അവരുടെ കുടുംബങ്ങളോടും സംവദിച്ച രാഹുല്‍ ട്രാക്ടറോടിക്കുകയും ഞാറു നടുകയും ചെയ്തു. കർഷകരാണ് ഇന്ത്യയുടെ ശക്തി, അവർ പറയുന്നത് കേൾക്കുകയും അവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുകയും ചെയ്താൽ രാജ്യത്തിന്റെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് രാഹുൽ ഗാന്ധി പറയുകയുണ്ടായി.

"ഇന്ത്യയിലെ കർഷകർ സത്യസന്ധരും വിവേകമുള്ളവരുമാണ്. അവർക്ക് അവരുടെ കഠിനാധ്വാനത്തെ കുറിച്ചും അവകാശങ്ങളെ കുറിച്ചും ബോധ്യമുണ്ട്. കറുത്ത നിയമങ്ങൾക്കെതിരെ അവര്‍ ഉറച്ച നിലപാടെടുക്കുന്നു. താങ്ങുവില, ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നു. അവരെ കേട്ടാല്‍, അവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കിയാല്‍ രാജ്യത്തിന്റെ പല പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും"- രാഹുല്‍ ഗാന്ധി പറഞ്ഞു.

അതിനിടെ പത്തിരുപത് സ്ത്രീകൾ വീട്ടിലുണ്ടാക്കിയ ഭക്ഷണം ടിഫിനിലാക്കി രാഹുലിനായി കൊണ്ടുവന്നു. അവർക്കൊപ്പമിരുന്ന് രാഹുൽ ഭക്ഷണം കഴിച്ചു. മക്കളുടെ കാര്യങ്ങള്‍ രാഹുല്‍ ചോദിച്ചറിഞ്ഞു. ഇതിനിടയിലാണ് കൂട്ടത്തിൽനിന്ന് അപ്രതീക്ഷിതമായി ചോദ്യംവരുന്നത്- ''ഇതുവരെ ഞങ്ങളുടെ കാര്യമല്ലേ ചോദിച്ചത്. ഇനി നിങ്ങളെക്കുറിച്ചു കേൾക്കട്ടെ''.

താൻ ഡൽഹിയിൽനിന്നു വരുന്നുവെന്ന് രാഹുൽ. "ഡൽഹിയിലെ നിങ്ങളുടെ വീട് ഞങ്ങൾക്കും കാണണം"- അടുത്ത ആവശ്യം വന്നു.

"വന്നോളൂ.. പക്ഷെ, എനിക്ക് വീടില്ല. എന്റെ വീട് സർക്കാർ പിടിച്ചെടുത്തു" എന്നായിരുന്നു രാഹുലിന്‍റെ മറുപടി. എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് തുഗ്ലക്ക് ലൈനിലെ 12-ാമത്തെ വസതിയില്‍ നിന്ന് രാഹുലിന് ഇറങ്ങേണ്ടിവന്നിരുന്നു. സോണിയ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ഇപ്പോള്‍ താമസിക്കുന്നത്.

രാഹുല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയതിനു പിന്നാലെ കര്‍ഷകരുടെ ആഗ്രഹം സാധിച്ചുകൊടുത്തു. അവരെ സോണിയയുടെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.


Summary- A video of former Congress president Sonia Gandhi dancing with some women farmers from Haryana has gone viral on social media.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News