'മൈക്കിന്റെ ശബ്ദം പുറത്തു കേൾക്കരുത്'; കർശന നിർദേശവുമായി യോഗി

പുതിയ സ്ഥലങ്ങളിൽ മൈക്രോഫോണിന് അനുമതി നൽകില്ലെന്നും യുപി മുഖ്യമന്ത്രി

Update: 2022-04-19 07:17 GMT
Editor : abs | By : abs
Advertising

ലഖ്‌നൗ: മതചടങ്ങുകളിൽ മൈക്രോഫോൺ ഉപയോഗിക്കാമെന്നും എന്നാൽ ശബ്ദം കെട്ടിടത്തിന് പുറത്തു കേൾക്കരുതെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശബ്ദം മറ്റുള്ളവർക്ക് അസൗകര്യമാകരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദേശം നൽകി. ചെറിയ പെരുന്നാൾ, അക്ഷയ തൃതീയ ആഘോഷങ്ങൾ അടുത്തുവരുന്ന സാഹചര്യത്തിലാണ് സർക്കാർ നിർദേശം.

പുതിയ സ്ഥലങ്ങളിൽ മൈക്രോഫോണിന് അനുമതി നൽകില്ലെന്നും യോഗി അറിയിച്ചു. 'ഓരോരുത്തർക്കും അവരവരുടെ മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മൈക്രോഫോണുകൾ ഉപയോഗിക്കാം. എന്നാൽ മൈക്രോഫോണിൽ നിന്നുള്ള ശബ്ദം പുറത്തു പോകുന്നില്ലെന്ന് ഉറപ്പുവരുത്തണം. മറ്റുള്ളവർക്ക് അസൗകര്യമുണ്ടാകരുത്. ഏതെങ്കിലും പുതിയ സ്ഥലത്ത് മൈക്രോഫോണുകൾ സ്ഥാപിക്കാൻ അനുമതി നൽകില്ല' - സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

പൊലീസിനോട് അതീവജാഗ്രത പുലർത്താൻ ഗവൺമെന്റ് ആവശ്യപ്പെട്ടു. 'അസ്വസ്ഥതയുണ്ടാക്കുന്ന പ്രസ്താവനകൾ' നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ എടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംഘർഷ സാധ്യതാ പ്രദേശങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കാനും നിർദേശിച്ചിട്ടുണ്ട്. 

രാമനവമി ദിനാചരണവുമായി ബന്ധപ്പെട്ട് ഡൽഹി, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ അക്രമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ഹനുമാൻ ജയന്തി ദിനത്തിൽ ഡൽഹിയിലും അനിഷ്ട സംഭവങ്ങളുണ്ടായിരുന്നു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News