തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ 'ഇൻഡ്യ' സഖ്യത്തിൽ വിള്ളൽ? പ്രതിപക്ഷ യോഗത്തെ ചൊല്ലി തര്‍ക്കം

പ്രതിപക്ഷ സഖ്യത്തെ തങ്ങൾ നയിക്കുമെന്നാണ് തൃണമൂൽ ജനറൽ സെക്രട്ടറി കുനാൽ ഘോഷ് പ്രതികരിച്ചത്

Update: 2023-12-05 06:51 GMT
Editor : Shaheer | By : Web Desk

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് തിരിച്ചടി നേരിട്ടതിനു പിന്നാലെ പ്രതിപക്ഷ സഖ്യത്തിലും വിള്ളൽ. ഇൻഡ്യ സഖ്യം നാളെ വിളിച്ചുചേർത്ത യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുക്കില്ലെന്നാണു വിവരം. യോഗത്തെ കുറിച്ച് അറിയില്ലെന്നാണ് മമത പ്രതികരിച്ചത്. മമതയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. ബംഗാൾ മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി ശിവസേന(ഉദ്ദവ് താക്കറെ) നേതാവ് സഞ്ജയ് റാവത്തും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Advertising
Advertising

ഇത്തരത്തിലൊരു യോഗം വിളിച്ചുചേർത്തതിനെ കുറിച്ച് ഒരു വിവരവുമില്ലെന്നായിരുന്നു മമത ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. പരിപാടിയെ കുറിച്ച് അറിയാത്തതുകൊണ്ടാണ് നോർത്ത് ബംഗാളിൽ മറ്റൊരു പരിപാടി നേരത്തെ തന്നെ ആസൂത്രണം ചെയ്തത്. അറിയുമായിരുന്നെങ്കിൽ ഈ പരിപാടി ഏറ്റെടുക്കുമായിരുന്നോ? ഉറപ്പായും യോഗത്തിനു പോകുമായിരുന്നു. എന്നാൽ, വിവരങ്ങളൊന്നും ലഭിക്കാതിരുന്നതുകൊണ്ട് പോകാനാകില്ലെന്നും അവർ സൂചിപ്പിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ വിജയമല്ലെന്നും മമത ചൂണ്ടക്കാട്ടി. വളരെ ചെറിയ മാർജിനിലാണ് അവർ വിജയിച്ചത്. (പ്രതിപക്ഷ) വോട്ടുകളിൽ വിള്ളലുണ്ടായതാണ് അതിനു കാരണം. ഇത്തരം സാഹചര്യം ഇല്ലാതിരിക്കാൻ കൃത്യമായ സീറ്റ് വീതംവയ്പ്പ് ഉണ്ടാകണമെന്നും മമത കൂട്ടിച്ചേർത്തു. പ്രതിപക്ഷ സഖ്യത്തെ തങ്ങൾ നയിക്കുമെന്ന് തൃണമൂൽ ജനറൽ സെക്രട്ടറി കുനാൽ ഘോഷും പ്രതികരിച്ചു.

മമതയുടെ പരാമർശത്തോട് രൂക്ഷമായ ഭാഷയിലാണ് അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചത്. തെരഞ്ഞെടുപ്പിനുമുൻപും മമതയുടെ സമീപനം ഇതുതന്നെയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ച് സംസ്ഥാനങ്ങളിലേക്കു തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഒരിടത്തും ബി.ജെ.പിയെ തോൽപിക്കാൻ വേണ്ടി വോട്ട് ചെയ്യാൻ അവർ ആഹ്വാനം ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

യോഗം നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും തട്ടിക്കൂട്ടിയതല്ലെന്നുമാണ് സഞ്ജയ് റാവത്ത് പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുൻപ് തന്നെ യോഗം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. മല്ലികാർജുൻ ഖാർഗെ ഉദ്ദവ് താക്കറെയുമായി തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ രണ്ടുദിവസം മുൻപ് സംസാരിച്ചിരുന്നു. യോഗത്തിൽ പങ്കെടുക്കാനായി ഉദ്ദവ് നാളെ ഡൽഹിയിൽ പോകുമെന്നും റാവത്ത് അറിയിച്ചു.

Summary: Split in the opposition alliance, INDIA, after assembly polls results came out

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News