കള്ളനെ പിടികൂടുന്നതിനിടെ കുത്തേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

'ആരും സഹായിക്കാന്‍ മുന്നോട്ടുവന്നില്ല. കുത്തേറ്റിട്ടും മറ്റ് പൊലീസുകാര്‍ വരുന്നതുവരെ എ.എസ്.ഐ കള്ളനെ രക്ഷപ്പെടാന്‍ സമ്മതിക്കാതെ പിടിച്ചുവെച്ചു'

Update: 2023-01-09 10:24 GMT
Advertising

ഡല്‍ഹി: കള്ളനെ പിടികൂടുന്നതിനിടെ കുത്തേറ്റ പൊലീസുകാരന്‍ മരിച്ചു. ഡല്‍ഹിയിലെ എ.എസ്.ഐ ശംഭു ദയാലാണ് മരിച്ചത്. ഒരു സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കള്ളനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെ കള്ളന്‍ എ.എസ്.ഐയെ കത്തികൊണ്ട് കുത്തുകയായിരുന്നു.

വെസ്റ്റ് ഡൽഹിയിലെ മായാപുരിയിൽ വെച്ച് എ.എസ്‌.ഐ ശംഭു ദയാല്‍ മോഷ്ടാവിനെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുത്തേറ്റത്. ജനുവരി 4ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം. ബിഎൽകെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കത്തി കാണിച്ച് ഒരാൾ ഫോൺ തട്ടിയെടുത്തതിനെ തുടർന്ന് ഒരു സ്ത്രീ സഹായത്തിനായി ദയാലിനെ സമീപിക്കുകയായിരുന്നു. അനീഷ് രാജ് എന്ന 24കാരനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. അനീഷിനെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഷർട്ടിനടിയിൽ ഒളിപ്പിച്ച കത്തി പുറത്തെടുത്ത് ആക്രമിക്കുകയായിരുന്നു. ഒന്നിലധികം തവണ അനീഷ് ദയാലിനെ കുത്തി. ദയാലിന്റെ നെഞ്ചിലും വയറിലും കഴുത്തിലും മുതുകിലും പരിക്കേറ്റിരുന്നു.

പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ദയാൽ സഹപ്രവർത്തകരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു- "ദയാല്‍ ഡൽഹി പൊലീസില്‍ 30 വർഷം സേവനമനുഷ്ഠിച്ചു. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. അദ്ദേഹത്തിന്റെ ധീരത എന്നും ഓർമ്മിക്കപ്പെടും. ഞങ്ങൾ അദ്ദേഹത്തിന്‍റെ കുടുംബത്തെ സഹായിക്കും"- ഡി.സി.പി ഘനശ്യാം ബന്‍സാല്‍ പറഞ്ഞു.

1993ലാണ് ദയാൽ കോൺസ്റ്റബിളായി പൊലീസില്‍ ചേര്‍ന്നത്. രാജസ്ഥാന്‍ സ്വദേശിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മാതാപിതാക്കൾ കർഷകരായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അദ്ദേഹം. കള്ളന്‍ ആക്രമിച്ചപ്പോള്‍ ദയലിനെ രക്ഷിക്കാന്‍ ആരും മുന്നോട്ടുവന്നില്ലെന്ന് അദ്ദേഹത്തിന്‍റെ ഭാര്യാസഹോദരന്‍ ജയ്കിഷന്‍ പറഞ്ഞു. കുത്തേറ്റിട്ടും മറ്റ് പൊലീസുകാര്‍ വരുന്നതുവരെ ദയാല്‍ കള്ളനെ രക്ഷപ്പെടാന്‍ സമ്മതിക്കാതെ പിടിച്ചുവെച്ചു. അപ്പോഴും ആരും മുന്നോട്ടുവന്നില്ല. നമ്മളെ സഹായിക്കുന്ന പൊലീസുകാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ അവരെ സഹായിക്കേണ്ടതല്ലേയെന്നു ജയ്‍കിഷന്‍ ചോദിക്കുന്നു.

Summary- A 57 year old Delhi Police assistant sub inspector (ASI), who was stabbed multiple times while trying to arrest a man accused of snatching a mobile phone earlier this week, succumbed to his injuries Sunday, said officials.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News