Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗുവാഹത്തി: അസമിൽ വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ നടക്കുന്ന ഭൂമി കൈമാറ്റങ്ങൾക്ക് ഇനി മുതൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കുന്നതിന് തീരുമാനം. ഈ പുതിയ നിയന്ത്രണം സംസ്ഥാനത്തെ ഭൂമി ഉടമസ്ഥതയുമായി ബന്ധപ്പെട്ട സുതാര്യത ഉറപ്പാക്കാനും മതപരമായ സംഘർഷങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അസമിന് പുറത്തുള്ള എൻജിഒകൾക്കും സംസ്ഥാനത്ത് ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇത് ബാധകമാണെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
നിലവിൽ മതങ്ങൾക്കിടയിലുള്ള ഭൂമി കൈമാറ്റം സംബന്ധിച്ച് കർശനമായ മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ നിയമം വരുന്നതോടെ ഇത്തരം ഇടപാടുകൾ സർക്കാർ നിരീക്ഷണത്തിലായിരിക്കും. ഭൂമി വാങ്ങുന്നതിനോ വിൽക്കുന്നതിനോ മുമ്പ് അതിന്റെ വിശദാംശങ്ങൾ സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കേണ്ടതുണ്ട്. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ഭൂമി ഇടപാടുകൾക്കും ഭൂമി വിൽപ്പന അനുമതികൾ നൽകുന്നതിന്നും മുഖ്യമന്ത്രിയുടെ സമ്മതം ആവശ്യമാണെന്ന് കഴിഞ്ഞ വർഷം ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു.
ഈ നടപടി ഭൂമി ഉടമസ്ഥതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുറക്കാനും പ്രത്യേകിച്ച് മതപരമായ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന വിവാദങ്ങൾ തടയാനും സഹായിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ ഈ തീരുമാനം വലിയ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. നിയമം നടപ്പിലാക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്നും സർക്കാർ അറിയിച്ചു.