കര്‍ഷകരുടെ തല തല്ലിപ്പൊളിക്കണമെന്ന ആഹ്വാനം; ക്രമസമാധാനം പാലിക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യമെന്ന് ഹരിയാന മുഖ്യമന്ത്രി

കര്‍ണാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹ, പ്രതിഷേധിക്കുന്ന കർഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉന്നതവൃത്തം പൊലീസുകാർക്ക് നിര്‍ദേശം നല്‍കുന്ന വീഡിയോ വിവാദമായിരുന്നു

Update: 2021-08-30 10:13 GMT

കർണാലിൽ പ്രതിഷേധിക്കുന്ന കർഷകർക്കെതിരായ പൊലീസ് നടപടിയെ പ്രതിരോധിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ രംഗത്ത്. കർഷകരുടെ തല തല്ലിപ്പൊളിക്കാന്‍ കര്‍ണാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹ ഉന്നതവൃത്തം പൊലീസുകാർക്ക് നിര്‍ദേശം നല്‍കിയതിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഉപയോഗിച്ച വാക്കുകള്‍ തെറ്റാണെന്നും എന്നാല്‍ ക്രമസമാധാനം പാലിക്കാന്‍ കര്‍ശന നടപടികള്‍ അനിവാര്യമാണെന്നും മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തലുകള്‍ക്ക് ശേഷമെ ഉദ്യോഗസ്ഥനെതിരായി എന്തെങ്കിലും നടപടി ആവശ്യമെങ്കില്‍ അതിലേക്ക് കടക്കാന്‍ സാധിക്കൂ. വിഷയം ഡി.ജി.പിയും പരിശോധിക്കുന്നുണ്ടെന്ന് ഖട്ടാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത് അപലപനീയമാണെന്നും തീര്‍ച്ചയായും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Advertising
Advertising

ആയുഷ് സിന്‍ഹ പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. 'കാര്യം വളരെ വ്യക്തവും ലളിതവുമാണ്. ആരായാലും എവിടെനിന്നു വന്നവരായാലും ഒരുത്തനെയും യോഗസ്ഥലത്തെത്താൻ അനുവദിക്കരുത്. ഇത് ലംഘിക്കാൻ എന്തു വിലകൊടുത്തും അനുവദിക്കില്ല. ശക്തമായി തന്നെ അവരെ ലാത്തികൊണ്ട് അടിക്കുക. ഒരു നിർദേശത്തിനും കാത്തിരിക്കേണ്ട. നന്നായി തന്നെ പെരുമാറുക. ഏതെങ്കിലും സമരക്കാരൻ ഇവിടെയെത്തിയിട്ടുണ്ടെങ്കിൽ അവന്റെ തല തല്ലിപ്പൊളിച്ചിരിക്കണം,' വീഡിയോയിൽ സിൻഹ പൊലീസുകാർക്ക് നിർദേശം നൽകുന്നത് വ്യക്തമാണ്. 

കര്‍ണാലിലെ ബസ്താര ടോള്‍ പ്ലാസയിലായിരുന്നു കര്‍ഷകര്‍ക്കെതിരെ ഹരിയാന പൊലീസ് കഴിഞ്ഞ ദിവസം ലാത്തിചാര്‍ജ് നടത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാര്‍ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു സംഭവം. വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ മൂന്നാംഘട്ട സമരം പ്രഖ്യാപിച്ച കര്‍ഷക സംഘടനകള്‍ ഈ യോഗത്തിലേക്ക് മാർച്ച് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 

ബി.ജെ.പി വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇവിടേക്കെത്തിയ കർഷകരെ പൊലീസ് തടഞ്ഞു. ബി.ജെ.പി നേതാക്കളുടെ വാഹനം തടയാനും കരിങ്കൊടി കാട്ടാനും ശ്രമിച്ചതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിൽ പത്ത് കർഷകർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു കർഷകന്‍റെ മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News