'വിദ്യാര്‍ഥികൾ ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ചവര്‍'; ഗ്വാളിയോർ സ്‌കൂളിലെ മതപരിവർത്തന വിവാദത്തെ തള്ളി പൊലീസ് റിപ്പോര്‍ട്ട്

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ തിരിച്ചറിഞ്ഞ് നടപടിയെടുക്കണമെന്ന് റോമൻ കത്തോലിക്കാ രൂപതയുടെ പ്രസിഡന്‍റ് പ്രതാപ് ടോപ്പോ അധികാരികളോട് അഭ്യർഥിച്ചു

Update: 2025-11-12 02:30 GMT
Editor : Jaisy Thomas | By : Web Desk

Representational Image

ഗ്വാളിയോര്‍: മധ്യപ്രദേശ് ഗ്വാളിയോര്‍ ജില്ലയിലെ സെന്‍റ്.ജോസഫ് സ്കൂളിനെതിരായ മതപരിവര്‍ത്തന ആരോപണത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കണ്ടെത്തി. സ്ഥാപനത്തിൽ പഠിക്കുന്ന 26 കുട്ടികളും ഇതിനകം തന്നെ ക്രിസ്ത്യൻ-കത്തോലിക്ക വിശ്വാസത്തിൽ ഉള്ളവരാണെന്നും മതപരിവര്‍ത്തനം ചെയ്തവരല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

മധ്യപ്രദേശ്, ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, കേരളം എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നൈപുണ്യ വികസന പരിശീലനത്തിനായി എത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എസ്ഡിഎം എൻസി ഗുപ്തയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് സ്കൂളിലോ കാമ്പസിൽ സ്ഥിതി ചെയ്യുന്ന ബിഷപ്പ്സ് റെസിഡൻസ് കോംപ്ലക്സിലോ മതപരിവർത്തന പ്രവർത്തനങ്ങൾ നടന്നതിന്റെ ഒരു തെളിവും ലഭിച്ചില്ല. പരിശോധനയിൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Advertising
Advertising

ഗ്വാളിയോറിലെ സാമുദായിക ഐക്യം തര്‍ക്കാനും വിദ്യാഭ്യാസ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനും ഗൂഢാലോചന നടത്തിയെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സ്കൂൾ മാനേജ്മെന്‍റും ക്രിസ്ത്യൻ മിഷനറി സംഘടനയും ആവശ്യപ്പെട്ടു. കുട്ടികൾ ഹിന്ദിയിലും ഇംഗ്ലീഷിലും നൈപുണ്യ പരിശീലനം നേടുന്നുണ്ടെന്നും സംഘടന എപ്പോഴും സുതാര്യമായാണ് പ്രവർത്തിച്ചിരുന്നതെന്നും പുരോഹിതനായ ഹർഷിൽ എഎക്സ് പറഞ്ഞു. "കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പൂർവ്വികർ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി ഈ നഗരത്തിൽ ഞങ്ങൾക്ക് ഒരു സ്ഥാനം നൽകി. മതപരിവർത്തനത്തിലൂടെയല്ല, വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ ഉയർത്താനാണ് ഞങ്ങൾ എപ്പോഴും പ്രവർത്തിച്ചിട്ടുള്ളത്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ തിരിച്ചറിഞ്ഞ് നടപടിയെടുക്കണമെന്ന് റോമൻ കത്തോലിക്കാ രൂപതയുടെ പ്രസിഡന്‍റ് പ്രതാപ് ടോപ്പോ അധികാരികളോട് അഭ്യർഥിച്ചു. "ഇത് ഞങ്ങളെ അപകീർത്തിപ്പെടുത്താനും നഗരത്തിന്‍റെ സമാധാന അന്തരീക്ഷം നശിപ്പിക്കാനുമുള്ള ശ്രമമാണ്. അന്വേഷണത്തെ ഞങ്ങൾ പൂർണമായി പിന്തുണയ്ക്കുകയും കുറ്റവാളികൾക്കെതിരെ കർശന നടപടി പ്രതീക്ഷിക്കുകയും ചെയ്യുന്നു," അദ്ദേഹം പറഞ്ഞു.

ബിഷപ്പ് റെസിഡൻസ് കോംപ്ലക്സിൽ 26 ആദിവാസി കുട്ടികളെ മതം മാറ്റുന്നുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബിജെപി പ്രതിനിധികൾ ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ ആരോപിച്ചതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടവും പൊലീസും സ്ഥലം സന്ദർശിക്കുകയും കുട്ടികളുമായി സംസാരിക്കുകയും അവരുടെ രേഖകൾ പരിശോധിക്കുകയും ചെയ്തു. എല്ലാവരും ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ചവരാണെന്നും സ്ഥിരീകരിച്ചു. ദരിദ്രരായ ആദിവാസി കുടുംബങ്ങളിലെ കുട്ടികളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന് മതം മാറ്റുന്നുവെന്ന് വിഎച്ച്പി നേതാവ് പപ്പു വർമ നേരത്തെ അവകാശപ്പെട്ടിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News