'സ്കൂൾ ഒഴിവാക്കി കോച്ചിങ് സെന്‍ററുകളിൽ പോകുന്ന വിദ്യാര്‍ഥികളെ ബോര്‍ഡ് പരീക്ഷ എഴുതാൻ അനുവദിക്കരുത്'; രാജസ്ഥാൻ ഹൈക്കോടതി

വിദ്യാർഥികളെ സ്‌കൂളുകളിൽ നിന്ന് കോച്ചിങ് സെന്‍ററുകളിലേക്ക് മാറ്റുന്നത് അക്കാദമിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു

Update: 2025-09-20 08:28 GMT
Editor : Jaisy Thomas | By : Web Desk

ജയ്‍പൂര്‍: ക്ലാസിൽ കയറാതെ കോച്ചിങ്ങിന് പോകുന്ന വിദ്യാര്‍ഥികളെ ബോര്‍ഡ് പരീക്ഷകൾ എഴുതാൻ അനുവദിക്കരുതെന്ന് രാജസ്ഥാൻ ഹൈക്കോടതി. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ കോച്ചിങ് സെന്‍ററുകളിലേക്ക് പോകാൻ സ്കൂൾ ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനോടും (സിബിഎസ്ഇ) രാജസ്ഥാൻ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനോടും (ആർബിഎസ്ഇ) നിർദേശിച്ചു.

കുട്ടികൾ സ്കൂളുകളിൽ പോകുന്നതിനു പകരം കോച്ചിങ് ക്ലാസുകളിൽ പോകുന്നുണ്ടോ എന്ന് പരിശോധിക്കാൻ സ്കൂൾ സമയങ്ങളിൽ മിന്നൽ പരിശോധന നടത്താൻ ജസ്റ്റിസ് ദിനേശ് മേത്ത, ജസ്റ്റിസ് അനൂപ് കുമാർ ദണ്ഡ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇരു ബോർഡുകളോടും ആവശ്യപ്പെട്ടു. സ്കൂളുകളിൽ ഹാജർ നിർബന്ധമാണെന്നും ന്യായീകരണമില്ലാതെ ഹാജരാകാതിരുന്നാൽ വിദ്യാർഥികൾക്കും സ്കൂളുകൾക്കും ബന്ധപ്പെട്ട അധികാരികൾക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Advertising
Advertising

"എല്ലാ സ്കൂളുകളിലും കോച്ചിങ് സെന്‍ററുകളിലും പെട്ടെന്നുള്ളതും ക്രമരഹിതവുമായ പരിശോധനകൾ നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങൾ (എസ്‌ഐടി) രൂപീകരിക്കാൻ രാജസ്ഥാൻ സംസ്ഥാനത്തോടും എല്ലാ ബോർഡുകളോടും നിർദേശിച്ചിട്ടുണ്ട്. അത്തരം സ്കൂളുകളിൽ വിദ്യാർഥികൾ ഹാജരാകാതിരിക്കുകയും സ്കൂൾ സമയങ്ങളിൽ കോച്ചിങ് സെന്‍ററുകളിൽ അവർ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്താൽ, സ്കൂളുകൾക്കും കോച്ചിങ് സെന്‍ററുകളും ഉൾപ്പെടെ ഉത്തരവാദികളായവര്‍ക്കെതിരെ നിയമപ്രകാരം ഉചിതമായ കർശന നടപടി സ്വീകരിക്കും" കോടതി വ്യക്തമാക്കി.

വിദ്യാർഥികളെ സ്‌കൂളുകളിൽ നിന്ന് കോച്ചിങ് സെന്‍ററുകളിലേക്ക് മാറ്റുന്നത് അക്കാദമിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. സെഷൻ പകുതിയിൽ പഠനം തടസപ്പെട്ടാൽ വിദ്യാർഥികളെ ബോർഡ് പരീക്ഷ എഴുതാൻ അനുവദിക്കരുതെന്നും ബെഞ്ച് പറഞ്ഞു.

മൂന്ന് സ്കൂളുകളിലെ ഗുരുതരമായ പോരായ്മകൾ സിബിഎസ്ഇ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് താൽക്കാലിക അഫിലിയേഷൻ പിൻവലിക്കൽ ഉൾപ്പെടെയുള്ള പിഴകൾ ചുമത്തിയ കേസ് പരിഗണിക്കുകയായിരുന്നു കോടതി. പോരായ്മകൾ പരിഹരിക്കാൻ മൂന്ന് സ്കൂളുകൾക്കും നാല് ആഴ്ച സമയം അനുവദിച്ച കോടതി തീരുമാനത്തിനെതിരെ സ്കൂളുകൾക്ക് നിയമപരമായ പരിഹാരങ്ങൾ തേടാമെന്ന് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News