ഒന്നും മറയ്ക്കാനില്ലെങ്കിൽ മോദി ഇസ്രയേൽ പ്രധാനമന്ത്രിക്ക് കത്തെഴുതണം; വിമർശനവുമായി സുബ്രഹ്‌മണ്യന്‍ സ്വാമി

കാര്യങ്ങളുടെ സത്യാവസ്ഥ കണ്ടെത്തണമെന്നും സ്വാമി ട്വിറ്ററിൽ കുറിച്ചു

Update: 2021-07-21 05:59 GMT
Editor : Jaisy Thomas | By : Web Desk
Advertising

പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ഒന്നും ഒളിക്കാനില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രിക്ക് കത്തെഴുതണം. കാര്യങ്ങളുടെ സത്യാവസ്ഥ കണ്ടെത്തണമെന്നും സ്വാമി ട്വിറ്ററിൽ കുറിച്ചു.

പദ്ധതിക്ക് പണം നൽകിയത് ഉൾപ്പെടെ ആരെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. പെഗസസ് വിഷയം പുറത്തുവന്നതുമുതൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമി രംഗത്തുവന്നിരുന്നു. 'സംഭവത്തിൽ കൈകൾ ശുദ്ധമാക്കി കേന്ദ്രം രംഗത്തുവരണം. സാമ്പത്തിക കരാറുകൾക്ക് അനുസരിച്ച് പണിയെടുക്കുന്ന സ്ഥാപനമാണ് പെഗസസ്. അവരുടെ ഇന്ത്യൻ ദൗത്യത്തിന് പണം നൽകിയത് ആരെന്ന ചോദ്യമാണ് ഒഴിവാക്കാൻ പറ്റാത്തത്. കേന്ദ്രസർക്കാരല്ലെങ്കിൽ പിന്നെയാര്. അതു ഇന്ത്യയിലെ ജനങ്ങളോടു പറയേണ്ട ബാധ്യത മോദി സർക്കാരിന്‍റേതാണ്' – സ്വാമി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

അതേസമയം, പെഗാസസ് ഫോണ്‍ചോർത്തിൽ കൂടുതൽ വിവരങ്ങൾ ഇന്നും പുറത്തു വന്നേക്കും. ഇന്ത്യയില്‍ സുപ്രിം കോടതി സിറ്റിങ് ജഡ്ജിയും ആർ.എസ്‍.എസ് നേതാക്കളും ഫോണ്‍ ചോർത്തലിന് വിധേയമായെങ്കിലും ഇവരുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇക്കാര്യത്തിൽ ഉടൻ വ്യക്തതയുണ്ടാകുമെന്നാണ് വിവരം.

സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ ഫോൺ ചോ൪ത്തിയിട്ടുണ്ടാകാമെന്ന സംശയം നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍, ചോ൪ത്തൽ നടന്ന കാലയളവിൽ ജഡ്ജി തന്നെയാണോ ഈ നമ്പ൪ ഉപയോഗിച്ചിരുന്നത് എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് വാ൪ത്ത പുറത്തുവിട്ട മാധ്യമങ്ങൾ. ഇക്കാര്യത്തിൽ സ്ഥിരീകരണമാകുന്നതോടെ ജ്ഡജിയുടെ പേരും പുറത്തുവരും. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News