'എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണം': 16 ശിവസേന എംപിമാര്‍ ഉദ്ധവ് താക്കറെയോട്

ദ്രൗപതി മുർമുവിന് പിന്തുണ നൽകണമെന്ന നിർദേശം ഉയര്‍ന്നത് ശിവസേന എംപിമാർക്കിടയിലും ഭിന്നതയുണ്ടെന്നതിന്‍റെ സൂചനയാണ്

Update: 2022-07-12 03:13 GMT

മുംബൈ: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിന് പിന്തുണ നൽകണമെന്ന് 16 ശിവസേന എംപിമാര്‍. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച യോഗത്തിലാണ് ശിവസേന എംപിമാര്‍ ഇക്കാര്യം പറഞ്ഞത്. ദ്രൗപതി മുർമു ഗോത്ര വനിതയാണെന്നും അതിനാല്‍ അവര്‍ക്ക് വോട്ട് നല്‍കണമെന്നുമാണ് എംപിമാര്‍ യോഗത്തില്‍ പറഞ്ഞത്.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിപ്പ് ഇല്ലാത്തതിനാല്‍ എംപിമാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വോട്ട് ചെയ്യാവുന്നതാണ്. പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയെ ഉദ്ധവ് താക്കറെ കൈവിടുമോ എന്ന് രണ്ട് ദിവസത്തിനുള്ളില്‍ അറിയാം.

Advertising
Advertising

നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തെ തുടര്‍ന്നാണ് ഉദ്ധവ് സര്‍ക്കാര്‍ താഴെവീണത്. തന്‍റെ പിതാവ് ബാല്‍ താക്കറെ സ്ഥാപിച്ച പാർട്ടിയുടെ നിയന്ത്രണം നിലനിര്‍ത്താന്‍ കഠിന ശ്രമത്തിലാണ് ഉദ്ധവ് താക്കറെ. തങ്ങളാണ് യഥാര്‍ഥ ശിവസേനയെന്നാണ് ഷിന്‍ഡെ പക്ഷം അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ എംപിമാരുടെ നിലപാടിനെ ഉദ്ധവ് താക്കറെ അനുകൂലിക്കുമോ എന്നാണ് അറിയാനുള്ളത്.

ശിവസേനയ്ക്ക് ലോക്സഭയിൽ 19ഉം രാജ്യസഭയിൽ മൂന്നും എംപിമാരാണുള്ളത്. ഇന്നലെ ഉദ്ധവ് താക്കറെ വിളിച്ച യോഗത്തില്‍ ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെ ഉൾപ്പെടെ ആറ് ശിവസേന എംപിമാർ വിട്ടുനിന്നു.

ദ്രൗപതി മുർമുവിന് പിന്തുണ നൽകണമെന്ന നിർദേശം ഉയര്‍ന്നത് എംപിമാർക്കിടയിലും ഭിന്നതയുണ്ടെന്നതിന്‍റെ സൂചനയാണ്. ഷിൻഡെ പക്ഷക്കാരനായ സേന എംപി രാഹുൽ ഷെവാലെ എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഉദ്ധവ് താക്കറെ ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. പാർട്ടി വക്താവ് സഞ്ജയ് റാവത്തിന് ദ്രൗപതി മുർമുവിന് വോട്ട് ചെയ്യുന്നതിനോട് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ട്.

ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായ സേനയുടെ അരവിന്ദ് സാവന്ത് പറഞ്ഞതിങ്ങനെ- "ഞങ്ങൾ ശിവസേന പാർട്ടിയാണ്. ഞങ്ങൾക്ക് 19 എം‌പിമാരുണ്ട്. പുറത്തുപോകാൻ ആഗ്രഹിക്കുന്നവർക്ക് രാജിവച്ച് പുറത്തുപോകാം. നിയമസഭയിൽ നടന്ന ഗൂഢാലോചന പോലെയാണെങ്കില്‍ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. അവർക്കൊപ്പം 13 എംപിമാരുണ്ടോ?"

ശിവസേനയുടെ ഏതാനും വോട്ടുകൾ മാറുന്നത് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഫലത്തെ ബാധിക്കില്ല. നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദളിന്റെയും നിതീഷ് കുമാറിന്റെ രാഷ്ട്രീയ ജനതാദളിന്റെയും പിന്തുണയോടെ വിജയിക്കാനുള്ള വോട്ടുകള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് ലഭിച്ചേക്കും. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News