ബംഗാളി മുസ്‌ലിം തൊഴിലാളികളെ ബംഗ്ലാദേശികളായി കണക്കാക്കി തടങ്കലിൽ വെച്ചതിന് സുപ്രിം കോടതി നോട്ടീസ്

കേന്ദ്ര സർക്കാരിനും ഒഡീഷ , രാജസ്ഥാൻ, മഹാരാഷ്ട്ര, ഡൽഹി, ബിഹാർ, യുപി, ഛത്തീസ്ഗഢ്, ഹരിയാന, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കുമാണ് സുപ്രിം കോടതി നോട്ടീസ് അയച്ചത്

Update: 2025-08-14 14:03 GMT

ന്യൂഡൽഹി: ബംഗാളി മുസ്‌ലിം തൊഴിലാളികളെ ബംഗ്ലാദേശികളായി കണക്കാക്കി തടങ്കലിൽ വെച്ചതിന് കേന്ദ്രത്തിനും ഒമ്പത് സംസ്ഥാനത്തിനും സുപ്രിം കോടതി നോട്ടീസ്. ബംഗാളിൽ നിന്നുള്ള മുസ്‌ലിം കുടിയേറ്റ തൊഴിലാളികളെ ബംഗ്ലാദേശികളാണെന്ന് അവകാശപ്പെട്ട് പല സംസ്ഥാനങ്ങളിലും തടങ്കലിൽ വച്ചതിനെതിരെയുള്ള പൊതുതാൽപ്പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് കേസ് കേട്ടതായും കേന്ദ്ര സർക്കാരിന്റെയും ഒഡീഷ , രാജസ്ഥാൻ, മഹാരാഷ്ട്ര, ഡൽഹി, ബിഹാർ, യുപി, ഛത്തീസ്ഗഢ്, ഹരിയാന, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ പ്രതികരണങ്ങൾ ആവശ്യപ്പെട്ടതായും ലൈവ്‌ലോ റിപ്പോർട്ട് ചെയ്തു.

Advertising
Advertising

മെയ് മാസത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിനെ തുടർന്ന് വിവിധ സംസ്ഥാന അധികാരികൾ ബംഗാളി മുസ്‌ലിം കുടിയേറ്റ തൊഴിലാളികളെ ബംഗ്ലാദേശികളാണെന്ന് ആരോപിച്ച് പിടികൂടി തടങ്കലിൽ വച്ചിട്ടുണ്ടെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ കുടിയേറ്റ തൊഴിലാളി ക്ഷേമ ബോർഡാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.

പരിശോധനക്ക് ശേഷം, അത്തരം തൊഴിലാളികളിൽ ഏതാണ്ടെല്ലാവരും ഇന്ത്യൻ പൗരന്മാരാണെന്ന് കണ്ടെത്തിയതായി ബോർഡിനുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു. കഴിഞ്ഞ മാസം ഗുരുഗ്രാം പൊലീസ് വെസ്റ്റ് ബംഗാളിൽ നിന്നും അസമിൽ നിന്നുമുള്ള നൂറുകണക്കിന് ബംഗാളി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികളെ ബംഗ്ലാദേശി പൗരന്മാരാണെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. അവരിൽ ഭൂരിഭാഗവും മുസ്‌ലിംകളാണ്. 'സ്ഥിരീകരിച്ച ബംഗ്ലാദേശികൾ' എന്ന് പൊലീസ് അവകാശപ്പെട്ട 10 പേർ ഒഴികെ മറ്റെല്ലാവരെയും പിന്നീട് വിട്ടയച്ചു.



Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News