12 കോടി രൂപയും ഫ്‌ളാറ്റും ബിഎംഡബ്ല്യു കാറും ജീവനാംശമായി വേണമെന്ന് യുവതി; സ്വന്തമായി അധ്വാനിച്ചുണ്ടാക്കണമെന്ന് സുപ്രിംകോടതി

ഭർത്താവ് വളരെ സമ്പന്നനാണെന്നും തനിക്ക് സ്‌കീസോഫ്രീനിയ ഉണ്ടെന്ന് ആരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ടെന്നുമാണ് യുവതിയുടെ വാദം

Update: 2025-07-23 03:54 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: ഭർത്താവിൽ നിന്ന് ജീവനാംശമായി 12 കോടി രൂപയും ബിഎംഡബ്ല്യു കാറും ജീവനാംശമായി ആവശ്യപ്പെട്ട യുവതിയെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി. വിദ്യാസമ്പന്നരായ സ്ത്രീകൾ ഭർത്താവിന്റെ പണത്തെ ആശ്രയിക്കുന്നതിനുപകരം സ്വയം ജോലി സമ്പാദിക്കണമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി പറഞ്ഞു.

വിവാഹം കഴിഞ്ഞ് 18 മാസത്തിനുള്ളിൽ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ യുവതിയാണ് കോടതിയുടെ രൂക്ഷവിമർശനം ഏറ്റുവാങ്ങിയത്. മുംബൈയിൽ ഒരു വീടും ജീവനാംശമായി 12 കോടി രൂപയുമടക്കം ആവശ്യപ്പെട്ടായിരുന്നു കേസ് നൽകിയിരുന്നത്.

'നിങ്ങൾ വളരെ വിദ്യാസമ്പന്നരാണ്. സ്വന്തം നിലക്ക് ജോലി ചെയ്ത് ഇതെല്ലാം സമ്പാദിക്കണമെന്നും ജസ്റ്റിസ് പറഞ്ഞു.നിങ്ങളുടെ വിവാഹം 18 മാസം മാത്രമേ നീണ്ടുനിന്നുള്ളൂ. ഇപ്പോൾ നിങ്ങൾക്കും ബിഎംഡബ്ല്യു വേണോ?.18 മാസം നീണ്ടുനിന്ന വിവാഹബന്ധത്തിന് ഓരോ മാസവും ഒരുകോടി എന്ന നിലയിലാണോ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും' കോടതി ചോദിച്ചു.

Advertising
Advertising

'നിങ്ങളൊരു ഐടി പ്രൊഫഷണലാണ്, കൂടാതെ എംബിഎ ബിരുദമുണ്ട്. ഇത്രയും വിദ്യാഭ്യാസ യോഗ്യതയുള്ള നിങ്ങൾ ജീവനാംശത്തെ ആശ്രയിക്കരുത്. നിങ്ങൾ യാചിക്കുന്നതിന് പകരം സ്വന്തമായി സമ്പാദിക്കുകയും ജീവിക്കുകയും ചെയ്യണം'.. ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഭർത്താവിന്റെ പിതാവിന്റെ സ്വത്തിന്മേൽ സ്ത്രീക്ക് അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

എന്നാൽ തന്റെ ഭർത്താവ് വളരെ സമ്പന്നനാണെന്നും തനിക്ക് സ്‌കീസോഫ്രീനിയ ഉണ്ടെന്ന് ആരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ടെന്നുമാണ് യുവതിയുടെ വാദം. ഇത്രയും തുക ജീവനാംശമായി ആവശ്യപ്പെടുന്നത് അത്യാഗ്രഹമാണെന്നായിരുന്നു ഭർത്താവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മാധവി ദിവാൻ വാദിച്ചത്.മുംബൈയില്‍ ഒരു വലിയ ഫ്‌ളാറ്റ് യുവതിക്കുണ്ട്.അതില്‍ നിന്ന് വരുമാനമുണ്ടാക്കാം.മറ്റ് കാര്യങ്ങള്‍ വേണമെങ്കില്‍ ജോലി ചെയ്ത് ഉണ്ടാക്കണമെന്നും അഭിഭാഷകനും ചൂണ്ടിക്കാട്ടി.

ഇരു കക്ഷികളോടും പൂർണ്ണമായ സാമ്പത്തിക രേഖകൾ സമർപ്പിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഭർത്താവിന്റെ പ്രവൃത്തികൾ കാരണം തന്റെ ജോലി നഷ്ടപ്പെടുന്നുണ്ടെന്നും അയാൾ തനിക്കെതിരെ കള്ളക്കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും യുവതി ആരോപിച്ചു. എന്നാൽ ആ കേസുകൾ റദ്ദാക്കാൻ നിർദേശിക്കുമെന്ന് ജസ്റ്റിസ് ഉറപ്പ് നൽകി.

വാദത്തിനൊടുവിൽ കോടതി രണ്ട് നിർദേശങ്ങളാണ് യുവതിക്ക് മുന്നിൽവെച്ചത്. ഒന്നുകിൽ ഫ്‌ളാറ്റ് കൊണ്ട് തൃപ്തിപ്പെടുക.അല്ലെങ്കിൽ നാലുകോടി രൂപ സ്വീകരിക്കുകയും പൂനെ, ഹൈദരാബാദ്, ബെംഗളൂരു പോലുള്ള ഐടി ഹബ്ബുകളിൽ ജോലി കണ്ടെത്തുക. കേസിൽ വിധി പറയുന്നതിനായി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയും ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News