'പ്രതിയുടെ നടപടി കുറ്റകൃത്യമായി അതിജീവിത കാണുന്നില്ല'; പോക്‌സോ കേസിൽ ശിക്ഷ ഒഴിവാക്കി സുപ്രിംകോടതി

പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു പോക്‌സോ കേസിലാണ് സുപ്രിംകോടതിയുടെ അസാധാരണ വിധി.

Update: 2025-05-23 13:55 GMT

ന്യൂഡൽഹി: പോക്‌സോ കേസിൽ വിചിത്ര ഉത്തരവുമായി സുപ്രിംകോടതി. അതിജീവിതയെ വിവാഹം കഴിച്ച വ്യക്തിയുടെ ശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞു. പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു പോക്‌സോ കേസിലാണ് സുപ്രിംകോടതിയുടെ അസാധാരണ വിധി. പ്രതിയുടേത് കുറ്റകൃത്യമാണെങ്കിലും അതിജീവിത അതിനെ ഇപ്പോൾ അങ്ങനെ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

പ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി ലൈംഗികബന്ധം ഉണ്ടായ സാഹചര്യത്തിലാണ് 24കാരന് എതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ വിചാരണക്കോടതി യുവാവിനെ 20 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനിടെ അതിജീവിതക്ക് പ്രായപൂർത്തിയായപ്പോൾ ശിക്ഷിക്കപ്പെട്ട യുവാവ് അവരെ വിവാഹം കഴിച്ചു.

Advertising
Advertising

ഇതിനിടെ കൊൽക്കത്ത ഹൈക്കോടതി യുവാവിന്റെ ശിക്ഷ റദ്ദാക്കി. കൗമാരപ്രായക്കാരായ പെൺകുട്ടികൾ തങ്ങളുടെ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണമെന്ന വിവാദ പരാമർശവും കൊൽക്കത്ത ഹൈക്കോടതി നടത്തിയിരുന്നു. തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് സുപ്രിംകോടതി കൊൽക്കത്ത ഹൈക്കോടതിയുടെ വിധി റദ്ദാക്കി പ്രതി കുറ്റക്കാരനാണെന്ന വിധി പുനഃസ്ഥാപിച്ചത്.

ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അതിജീവിതയുടെ ഭാഗം കേൾക്കാൻ ഒരു വസ്തുതാന്വേഷണ സംഘത്തെ രൂപീകരിക്കാൻ സുപ്രിംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബംഗാൾ സർക്കാർ രൂപീകരിച്ച മൂന്നംഗ സമിതി അതിജീവിതയുടെ നിലപാട് കേട്ടിരുന്നു. സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കേണ്ട എന്ന് സുപ്രിംകോടതി വിധിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News