Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്റര്‍നെറ്റ് നിരക്കുകൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. സ്വതന്ത്ര വിപണി നിലനില്‍ക്കുന്ന രാജ്യത്ത് ഒന്നിലധികം സേവനങ്ങള്‍ ലഭ്യമായ മേഖലയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.
ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ നിയന്ത്രിക്കണമെന്ന് ചൂണ്ടിക്കാട്ടി രജത് എന്നയാളാണ് സുപ്രിംകോടതിയിൽ ഹരജി സമര്‍പ്പിച്ചത്. 'ഇതൊരു സ്വതന്ത്ര വിപണിയാണ്. നിരവധി ഓപ്ഷനുകള്‍ ഉണ്ട്. ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ഇന്റര്‍നെറ്റ് നല്‍കുന്നുണ്ട്' എന്ന് കോടതി പറഞ്ഞു.
വിപണി വിഹിതത്തിന്റെ ഭൂരിഭാഗവും ജിയോയും റിലയന്‍സും നിയന്ത്രിക്കുന്നുണ്ടെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി പരിഗണിച്ചില്ല. കാര്‍ട്ടലൈസേഷന്‍ ആണ് ഹരജിക്കാരന്റെ പ്രശ്‌നമെങ്കില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിക്കാൻ കോടതി ആവശ്യപ്പെട്ടു.