വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിനെതിരെ മുസ്‍ലിം സംഘടനകള്‍

Update: 2025-05-05 02:16 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ളവ ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് പരിഗണിക്കുക. കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെ മുസ്‍ലിം പേഴ്സണൽ ബോർഡും മുസ്‍ലിം ലീഗും  സമസ്തയും സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികൾ കഴിഞ്ഞ മാസം പരിഗണിച്ച സുപ്രിംകോടതി വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഇടയ്ക്കല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിശദമായ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് ഒരാഴ്ച സമയവും കോടതി നല്‍കി.കേന്ദ്രം കഴിഞ്ഞദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെയാണ് ഇപ്പോൾ മുസ്‍ലിം സംഘടനകൾ രംഗത്ത് എത്തിയിരിക്കുന്നത്..

Advertising
Advertising

രാജ്യത്തെ വഖഫ് ഭൂമി സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ പെരുപ്പിച്ച കണക്കാണ് ഫയൽ ചെയ്തതെന്ന് മുസ്‍ലിം വ്യക്തിനിയമ ബോർഡും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്‍ലിം ലീഗും സുപ്രിംകോടതിയെ അറിയിച്ചു.സുപ്രിംകോടതിയിൽ ഫയൽ ചെയ്ത അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടികാട്ടിയിരിക്കുന്നത്.

ഇസ്‍ലാമിക ശരീഅത്തിലെ വഖഫ് എന്ന സങ്കൽപ്പത്തെക്കുറിച്ച് പ്രാഥമിക ധാരണ ഇല്ലാതെയാണ് കേന്ദ്രം സത്യവാങ്മൂലം ഫയൽ ചെയ്തതെന്ന് സമസ്ത ആരോപിക്കുന്നു. ഹിന്ദു മതസ്ഥാപനങ്ങളുടെയും സിഖ് മതസ്ഥാപനങ്ങളുടെയും ഭരണത്തിനായി രൂപവത്കരിച്ച നിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി വഖഫ് ബോർഡുകളെ ലക്ഷ്യം വെയ്ക്കുന്നതാണ് പുതിയ വഖഫ് ഭേദഗതി നിയമമെന്ന് മുസ്‍ലിം ലീഗ് സത്യവാങ്മൂലത്തിൽ പറയുന്നു. നിയമം സ്റ്റേ ചെയ്യരുതെന്നാണ് കേന്ദ്രത്തിന്റെ പ്രധാന ആവശ്യം. ഇക്കാര്യത്തിൽ സുപ്രിംകോടതി ഇന്ന് തീരുമാനം എടുത്തേക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News