കൊച്ചിക്ക് പിന്നാലെ വാട്ടർ മെട്രോ നടപ്പാക്കാൻ സൂറത്ത് ‌

ഗതാഗതക്കുരുക്ക് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്

Update: 2024-10-31 13:27 GMT

സൂറത്ത്: കൊച്ചിക്ക് പിന്നാലെ ഇന്ത്യയിലെ വാട്ടർ മെട്രോ സർവീസുള്ള രണ്ടാമത്തെ നഗരമായി മാറാൻ പദ്ധതിയിട്ട് ഗുജറാത്തിലെ സൂറത്ത്. താപി നദിയെ ഉപയോഗപ്പെടുത്തി, സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ (എസ്എംസി) 33 കിലോമീറ്റർ നീളമുള്ള വാട്ടർ മെട്രോ സംവിധാനമാണ് ആസൂത്രണം ചെയ്യുന്നത്. സൂറത്തിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം വരും ദിവസങ്ങളിൽ പഠനത്തിനായി കൊച്ചിയിലെത്തും. ഇന്ത്യൻ എക്സ്പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഗതാഗതക്കുരുക്ക് കുറക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവിൽ 70 ലക്ഷത്തോളം വരുന്ന സൂറത്തിലെ വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്താണ് പദ്ധതി. വാട്ടർ മെട്രോ സർവീസ് പദ്ധതിയുടെ സാധ്യത കണക്കിലെടുത്ത് എസ്എംസി, കൊച്ചി നഗരസഭയുമായി ബന്ധപ്പെട്ടിരുന്നു. 2021 ഡിസംബറിലാണ് കൊച്ചിയിൽ വാട്ടർ മെട്രോ ആരംഭിച്ചത്.

'കൊച്ചി വാട്ടർ മെട്രോയുടെ ടീം സൂറത്തിൽ ഞങ്ങളെ നയിക്കാൻ കൂടെയുണ്ടാകും. ഫ്രഞ്ച് വികസന ഏജൻസിയും സൂറത്തിൽ ചെലവ് കുറഞ്ഞ വാട്ടർ മെട്രോ സർവീസുകൾ വികസിപ്പിക്കുന്നതിനുള്ള മാർഗനിർദേശം ഞങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. സർവീസുകൾ സിറ്റി ബസുകൾ, മെട്രോ റെയിൽവേ എന്നിവയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനാൽ ആളുകൾക്ക് ഗതാഗത പ്രശ്‌നങ്ങൾ ഉണ്ടാകില്ല.'- സൂറത്ത് മുനിസിപ്പൽ കമ്മീഷണർ ശാലിനി അഗർവാൾ പറഞ്ഞു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News