ഗസ്സക്കായി പണം പിരിച്ച് ആഡംബര ജീവിതം; സിറിയൻ പൗരൻ ഗുജറാത്തിൽ അറസ്റ്റിൽ

സിറിയൻ പൗരനായ അലി മേഗാത് അൽ-അസ്ഹറാണ് പിടിയിലായത്

Update: 2025-08-24 05:16 GMT

അഹമ്മദാബാദ്: ഗസ്സയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനെന്ന പേരിൽ പണം പിരിച്ച് ആഡംബര ജീവിതം നയിച്ച സിറിയൻ പൗരൻ അറസ്റ്റിൽ. ഇയാൾക്കൊപ്പം ഫണ്ട് പിരിവിന് ഉണ്ടായിരുന്ന മൂന്നുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്തിലെ പള്ളികളിൽ നിന്നാണ് ഇയാൾ പണപ്പിരിവ് നടത്തിയത്.

അലി മേഗാത് അൽ-അസ്ഹറാണ് പിടിയിലായത്. എലിസ് ബ്രിഡ്ജ് മേഖലയിലെ ഹോട്ടലിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് ജോയിന്റ് കമ്മീഷണർ ശരത് സിങ്ഗാൽ പറഞ്ഞു. സക്കരിയ ഹൈതം അൽ നസർ, അഹമ്മദ് അൽഹബാഷ്, യൂസഫ് അൽ-സഹർ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

Advertising
Advertising

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അൽ-അസ്ഹർ പിടിയിലായത്. ഇയാളിൽ നിന്ന് 3600 ഡോളറും 25,000 രൂപയും കണ്ടെടുത്തു. ജൂലൈ 22ന് കൊൽക്കത്തയിൽ എത്തിയ നാലുപേരും ആഗസ്റ്റിലാണ് അഹമ്മദാബാദിൽ എത്തിയത്. താൻ ഗസ്സയിലെ യുദ്ധക്കെടുതികളുടെ ഇരയാണെന്ന് അവകാശപ്പെട്ട് ഗസ്സയിൽ നിന്നുള്ള വീഡിയോകൾ കാണിച്ച് പണപ്പിരിവ് നടത്തുകയായിരുന്നു.

ഇവരെ സംബന്ധിച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, ദേശീയ അന്വേഷണ ഏജൻസി, ക്രൈംബ്രാഞ്ച് എന്നിവർ അന്വേഷണം നടത്തുന്നുണ്ട്. ഇവർ ഇതുവരെ ഗസ്സയിലേക്ക് പണമയച്ചതായി തെളിവില്ല. അതേസമയം ഇവരുടെ ചില ഡിജിറ്റൽ പണമിടപാടുകളിൽ സംശയമുണ്ടെന്നും കൊൽക്കത്തയിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News