'മാപ്പ് പറഞ്ഞോ അല്ലെങ്കില്‍ 100 കോടി നല്‍കണം': സ്റ്റാലിനെതിരെ ആരോപണമുന്നയിച്ച ബിജെപി നേതാവിന് ഡിഎംകെയുടെ നോട്ടീസ്

സ്റ്റാലിന്‍റെ ദുബൈ സന്ദര്‍ശനത്തെ കുറിച്ചാണ് അണ്ണാമലൈ അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചത്

Update: 2022-03-27 06:19 GMT
Advertising

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ അപകീര്‍ത്തിപ്പെടുത്തിയ ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈയ്ക്ക് ഡിഎംകെയുടെ നോട്ടീസ്. പ്രസ്താവന പിൻവലിച്ച് രണ്ടു ദിവസത്തിനകം പരസ്യമായി മാപ്പ് പറയണം. ഇല്ലെങ്കില്‍ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുമെന്ന് നോട്ടീസില്‍ പറയുന്നു.

സ്റ്റാലിന്‍റെ ദുബൈ സന്ദര്‍ശനത്തെ കുറിച്ചാണ് അണ്ണാമലൈ അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും വിദേശനിക്ഷേപം നടത്താനാണ് സ്റ്റാലിൻ ദുബൈയ്ക്ക് പോയതെന്നായിരുന്നു ബിജെപി അധ്യക്ഷന്‍റെ ആരോപണം. ഡിഎംകെ ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍ എസ് ഭാരതിയാണ് നോട്ടീസ് അയച്ചത്. മാപ്പ് പറയാന്‍ തയ്യാറല്ലെങ്കില്‍ നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 100 കോടി രൂപ അടയ്ക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥ ഉത്തേജിപ്പിക്കുന്നതിനുമായി തമിഴ്നാട്ടിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനാണ് സ്റ്റാലിന്‍ ദുബൈ സന്ദര്‍ശിക്കുന്നതെന്ന് ഭാരതി പറഞ്ഞു. ഈ സന്ദര്‍ശനത്തെ കുറിച്ചാണ് അണ്ണാമലൈ ഹീനമായ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് ഭാരതി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടിയാണ് ദുബൈ യാത്രയെന്ന ആരോപണം അടിസ്ഥാനമില്ലാത്തതും അപകീര്‍ത്തികരവുമാണ്. മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയരുന്നത് ദഹിക്കാത്തതുകൊണ്ടാണ് അണ്ണാമലൈ തീർത്തും തെറ്റായ പ്രസ്താവനകൾ നടത്തുന്നത്. ഡിഎംകെയുടെ പ്രതിച്ഛായ വ്യാജ ആരോപണങ്ങളിലൂടെ തകര്‍ത്ത് രാഷ്ട്രീയലാഭമുണ്ടാക്കാന്‍ കഴിയുമോ എന്നാണ് അണ്ണാമലൈ നോക്കുന്നതെന്നും ഡിഎംകെ നേതാക്കള്‍ പ്രതികരിച്ചു.

ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം അട്ടിമറിക്കാനുള്ള ശ്രമമെന്ന നിലയില്‍ ദേശവിരുദ്ധമായ പരാമര്‍ശമാണ് ബിജെപി അധ്യക്ഷന്‍ നടത്തിയതെന്നും രാജ്യദ്രോഹക്കുറ്റമായി ഇത് കണക്കാക്കണമെന്നും ആര്‍ എസ് ഭാരതി ആവശ്യപ്പെട്ടു. അതേസമയം നിയമ വ്യവസ്ഥയില്‍ തനിക്ക് പൂർണ വിശ്വാസമുള്ളതിനാൽ ഡിഎംകെയുടെ എല്ലാ ഭീഷണികളും കോടതിയിൽ നേരിടുമെന്ന് അണ്ണാമലൈ പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News