ആദിവാസി വിദ്യാര്‍ഥിനിയുടെ യൂണിഫോം ക്ലാസില്‍ വെച്ച് അഴിപ്പിച്ചു; ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

അഴുക്കുണ്ടെന്ന് പറഞ്ഞാണ് അഞ്ചാംക്ലാസുകാരിയുടെ യൂണിഫോം അഴിപ്പിച്ചത്

Update: 2024-12-21 11:30 GMT
Editor : Lissy P | By : Web Desk

മധ്യപ്രദേശ്: അഴുക്കുണ്ടെന്ന് പറഞ്ഞ് ആദിവാസി വിദ്യാര്‍ഥിനിയുടെ യൂണിഫോം ക്ലാസില്‍ വെച്ച്  മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് അഴിപ്പിച്ച അധ്യാപകനെ സസ്പെന്‍റ് ചെയ്തു.  അധ്യാപകക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. 

വെള്ളിയാഴ്ച  മധ്യപ്രദേശിലെ ഷഹ്ദോൾ ജില്ലയിലെ ബാര കാല ഗ്രാമത്തിലാണ് സംഭവം നടന്നത്.  ട്രൈബൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന സർക്കാർ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് ദുരനുഭവമുണ്ടായത്. അഞ്ചാം ക്ലാസുകാരിയോടാണ് മറ്റ് വിദ്യാർഥികൾക്ക് മുന്നിൽ വെച്ച് അഴിക്കാന്‍ അധ്യാപകനായ  ശ്രാവൺ കുമാർ ത്രിപാഠി ആവശ്യപ്പെട്ടത്.തുടര്‍ന്ന് ഈ വിദ്യാര്‍ഥിനിയുടെ വസ്ത്രം അധ്യാപകന്‍ അലക്കുകയും ചെയ്തു.  അതുവരെ വിദ്യാര്‍ഥി അടിവസ്ത്രത്തിലാണ് നിന്നത്.

Advertising
Advertising

അധ്യാപകന്‍ യൂണിഫോം അലക്കുന്നതിന്‍റെ ചിത്രം അയാള്‍ തന്നെ ട്രൈബൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു. 'ശുചിത്വ സന്നദ്ധപ്രവർത്തകൻ' (സ്വച്ഛതാ മിത്ര) എന്ന പേരിലാണ് അയാള്‍ ചിത്രം ഗ്രൂപ്പില്‍ പങ്കുവെച്ചത്. ചിത്രത്തില്‍ വിദ്യാര്‍ഥിനി അടിവസ്ത്രം മാത്രം ധരിച്ച് നില്‍ക്കുന്നതും കാണാമായിരുന്നു. ഈ ചിത്രം പിന്നീട് സാമൂഹിക മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു.  യൂണിഫോം  ഉണങ്ങുന്നത് വരെ വിദ്യാർഥിക്ക് രണ്ട് മണിക്കൂറോളം അടിവസ്ത്രത്തോടെ നില്‍ക്കേണ്ടിവന്നതായി സ്കൂളിനടുത്തുള്ള ഗ്രാമീണര്‍ ആരോപിച്ചു.  

സംഭവത്തിന്റെ ചിത്രങ്ങൾ ശ്രദ്ധയില്‍പ്പെട്ടതോടെ  ശനിയാഴ്ച ത്രിപാഠിയെ സസ്‌പെൻഡ് ചെയ്തതായി എംപി ആദിവാസി ക്ഷേമ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ ആനന്ദ് റായ് സിൻഹ വാര്‍ത്താ ഏജന്‍സിയായ  പി.ടി.ഐയോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സിൻഹ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News