Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മുംബൈ: ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റ് മരിച്ചു. ബേലാപൂർ സ്വദേശിയായ ആരവ് ശ്രീവാസ്തവയാണ് മരണപ്പെട്ടത്. നവി മുംബൈയിലെ നെരുള്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.
ജൂലൈ ആറിനായിരുന്നു സംഭവമുണ്ടായത്. റീല്‍ ചിത്രീകരിക്കുന്നതിനായി സുഹൃത്തുക്കളോടൊപ്പമാണ് ആരവ് നവി മുംബൈയിലെ നെരുള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ബോഗിയുടെ മുകളില്‍ കയറി നിന്നാണ് ആരവ് റീലെടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുത ലൈനില്‍ കൈ തട്ടി ഷോക്കേല്‍ക്കുകയും ഉടന്‍ തന്നെ താഴേക്ക് വീഴുകയുമായിരുന്നു.
കുട്ടിയുടെ തലയിലും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിരുന്നു. 60 ശതമാനത്തിലധികം പൊള്ളലേറ്റതായാണ് റെയില്‍വേ പൊലീസ് അറിയിച്ചത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് നില ഗുരുതരമായതിനെത്തുടര്‍ന്ന് ഐറോളിയിലെ ബേണ്‍സ് ആശുപത്രിയിലേയ്ക്ക് മാറ്റി.
ആറ് ദിവസം ചികിത്സയില്‍ കഴിഞ്ഞെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകട മരണത്തിന് കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.