ബിഹാർ തെരഞ്ഞെടുപ്പ്: ഇൻഡ്യ സഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആർജെഡി നേതാവ് തേജസ്വി യാദവെന്ന് ഡി.രാജ
''മഹാസഖ്യത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ നേതാവാണ് തേജസ്വി യാദവ്. അദ്ദേഹം ബിഹാറിൻ്റെ ഉപമുഖ്യമന്ത്രിയായിരുന്നു''
ബിഹാർ: ഇന്‍ഡ്യ സഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആര്‍ജെഡി നേതാവ് തേജസ്വി യാദവെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. ഇതിൽ ഇന്‍ഡ്യ സഖ്യത്തിൽ ആർക്കും തർക്കമില്ലെന്നും ഡി.രാജ പറഞ്ഞു. സീറ്റ് വിഭജനത്തില്‍ കോൺഗ്രസിന് വിശാല കാഴ്ചപ്പാട് ഉണ്ടാകണമെന്നും ഡി.രാജ മീഡിയവണിനോട് പറഞ്ഞു.
'ബിഹാർ തെരഞ്ഞെടുപ്പ് നിർണായാകമാണ്. തനിക്ക് കിട്ടിയ റിപ്പോർട്ടുകൾ പ്രകാരം മഹാസഖ്യം തെരഞ്ഞെടുപ്പിൽ വിജയിക്കും. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്ന് എല്ലാവർക്കും മനസിലാക്കാം. മഹാസഖ്യത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ നേതാവാണ് തേജസ്വി യാദവ്. അദ്ദേഹം ബിഹാറിൻ്റെ ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററായിരുന്നു. അദ്ദേഹമാണ് മഹാസഖ്യത്തിൻ്റെ മുഖം. തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന് മനസിലാക്കാവുന്നതെ ഉള്ളൂവെന്നും'- ഡി.രാജ പറഞ്ഞു.
'സിപിഐ കൂടുതൽ സീറ്റുകൾ ആവിശ്യപ്പെട്ടിരുന്നു. കോൺഗ്രസ് അംഗീകരിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ബിജെപിയെയും ജെഡിയുവിനെയും പുറത്താക്കുകയെന്നതാണ് ആത്യന്തിക ലക്ഷ്യം എന്നും'- ഡി.രാജ പ്രതികരിച്ചു.
അതേസമയം മഹാസഖ്യം നേതാക്കൾ ഇന്ന് മാധ്യമങ്ങളെ കാണും. ആദ്യഘട്ടത്തിലെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞിട്ടും പരസ്പരം മത്സരിക്കുന്നതിൽ പിന്നോട്ടില്ല എന്ന നിലപാടാണ് മഹാസഖ്യ നേതാക്കൾക്ക്. മുന്നണിയിലെ പരസ്പരം മത്സരം സൗഹൃദപരമെന്ന് നേതാക്കൾ പറയുമ്പോഴും വോട്ടർമാർക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. നിലവിൽ 143 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ആർജെഡി പ്രഖ്യാപിച്ചത്. 61 മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുക.