പുൽവാമയിൽ ഭീകരാക്രമണം; പൊലീസ് ഓഫീസറും ഭാര്യയും കൊല്ലപ്പെട്ടു

ഭീകരാക്രമണത്തിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെയും ഭാര്യയും ഭീകരർ വെടിവെച്ചു കൊന്നു. എസ്.പി.ഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരാക്രമണത്തിൽ മരിച്ചത്.

Update: 2021-06-28 01:59 GMT
Advertising

ജമ്മുകശ്‌മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെയും ഭാര്യയും ഭീകരർ വെടിവെച്ചു കൊന്നു. എസ്.പി.ഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് ഭീകരാക്രമണത്തിൽ മരിച്ചത്. ഇവരുടെ മകൾക്കും ഗുരുതരമായി പരിക്കേറ്റു. ഭീകരർക്കായി സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കി. അതേസമയം ഇന്നലെ ജമ്മു വ്യോമകേന്ദ്രത്തില്‍ നടന്ന സ്ഫോടനം ഭീകരാക്രമണമെന്ന് ജമ്മു കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ് സ്ഥിരീകരിച്ചു. ജമ്മുവിലെ കൂടുതൽ സ്ഥലങ്ങളിൽ ഭീകരർ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും ദിൽബാഗ് സിങ്ങ് വ്യക്തമാക്കി. ആറു കിലോ സ്‌ഫോടക വസ്തുക്കൾ ജമ്മു പൊലീസ് കണ്ടെടുത്തതായാണ് വിവരം.

വ്യോമസേനയുടെ ജമ്മുവിലെ കേന്ദ്രത്തില്‍ ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു ഇരട്ട സ്ഫോടനം നടന്നത്. ലോ ഫ്ലൈയിങ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. രാജ്യത്തെ ഏതെങ്കിലും പ്രതിരോധ സ്ഥാപനങ്ങൾക്കെതിരായ ആദ്യത്തെ ഡ്രോൺ ആക്രമണമാണിത്. അഞ്ചു മിനിറ്റിനുള്ളിലായിരുന്നു രണ്ടു സ്‌ഫോടനങ്ങളും നടന്നത്. ആദ്യത്തെ സ്‌ഫോടനം പുലര്‍ച്ചെ 1.37നായിരുന്നു. ഇതില്‍ വ്യോമസേനാ കേന്ദ്രത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നു. രണ്ടാമത്തേത് പുലർച്ചെ 1:42നായിരുന്നു. ഹെലിപാഡ് ഏരിയയില്‍ നിന്നാണ് ഡ്രോണുകള്‍ സ്ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചതെന്നാണ് സേന വ്യക്തമാക്കുന്നത്. വിമാനങ്ങളെയാണ് ലക്ഷ്യം വെച്ചതെന്ന് കരുതുന്നുവെന്ന് സേനാ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിശദമായ അന്വേഷണത്തിന് എൻ‌.എസ്‌.ജിയുടെ ബോംബ് ഡാറ്റാ ടീമും എൻ‌.ഐ‌.എ സംഘവും വ്യോമസേനാ കേന്ദ്രത്തിലെത്തിയിരുന്നു. വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യ-പാകിസ്താൻ അതിർത്തി 14 കിലോമീറ്റർ അകലെയാണ്. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ 12 കിലോമീറ്റര്‍ വരെ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതിരോധ കേന്ദ്രത്തിലേക്ക് ഡ്രോണ്‍ ആക്രമണം ആദ്യമായാണ്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News