മിനിറ്റുകള്‍ക്കുള്ളില്‍ യുവതിക്ക് കുത്തിവച്ചത് മൂന്ന് വാക്സിനുകള്‍; അന്വേഷണത്തിന് ഉത്തരവ്

താനെയിലെ ആനന്ദ്‌നഗറിലെ വാക്‌സിന്‍ കേന്ദ്രത്തിലാണ് സംഭവം

Update: 2021-06-29 07:05 GMT
Editor : Jaisy Thomas | By : Web Desk

മഹാരാഷ്ട്രയില്‍ 28 കാരിക്ക് മിനിറ്റുകള്‍ക്കുള്ളില്‍ കുത്തിവച്ചത് മൂന്ന് വാക്സിനുകള്‍. താനെയിലെ ആനന്ദ്‌നഗറിലെ വാക്‌സിന്‍ കേന്ദ്രത്തിലാണ് സംഭവം. സംഭവത്തില്‍ മഹാരാഷ്ട്ര ആരോഗ്യവിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു.

മൂന്നു തവണ വാക്സിന്‍ കുത്തിവച്ചതിനെക്കുറിച്ച് യുവതി ഭര്‍ത്താവിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാരനാണ് ഭര്‍ത്താവ്. ഇയാള്‍ ഉടനെ തന്നെ പ്രദേശത്തെ ബി.ജെ.പി കൗണ്‍സിലറോട് പരാതിപ്പെടുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വീട്ടിലെത്തി മെഡിക്കല്‍ സംഘം യുവതിയുടെ ആരോഗ്യനില പരിശോധിച്ചു. യുവതിയുടെ ആരോഗ്യനില പരിശോധിക്കാന്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Advertising
Advertising

പേര് രഹസ്യമായി സൂക്ഷിക്കണമെന്ന് യുവതി അധികൃതരോട് ആവശ്യപ്പെട്ടു. മുന്‍പ് വാക്‌സിനെടുത്ത് പരിചയമില്ലാത്തത് കൊണ്ടാണ് തുടര്‍ച്ചയായി കുത്തിവെച്ചപ്പോള്‍ പ്രതികരിക്കാതിരുന്നതെന്ന് ഭര്‍ത്താവ് പറയുന്നു. വാക്‌സിന്‍ എടുത്ത ദിവസം പനി ഉണ്ടായി. എന്നാല്‍ പിറ്റേദിവസം ആരോഗ്യനില സാധാരണ നിലയിലായതായി ഭര്‍ത്താവ് പറയുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയതായി മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ ഖുശ്ബു തവാരേ പറഞ്ഞു. വാക്സിന്‍ കേന്ദ്രത്തിലെ ജീവനക്കാരുടെ അശ്രദ്ധയാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. താനെ മുന്‍സിപ്പല്‍ കമ്മീഷണര്‍ ബിപിന്‍ ശര്‍മ്മക്കെതിരെയും ആരോപണമുന്നയിച്ചു. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News